ക്യാമ്പസുകളില്‍ നിന്ന് സൗഹാര്‍ദ്ദവും, സ്നേഹവും പുറത്ത് നിര്‍ത്തുക എന്ന മാനേജ്മെന്റ് ലക്ഷ്യത്തിനെതിരെയുള്ള പ്രതികരണത്തിനൊപ്പം, എന്ത് കൊണ്ട് സമൂഹം ഇത്രത്തോളം സ്വയം ചുരുങ്ങുന്നു എന്ന് കൂടി ചര്‍ച്ച ചെയ്യേണ്ടതാണ്..കേരളവര്‍മ്മ കോളേജിന്റെ പേരില്‍ നിന്ന് കേരളവര്‍മ്മ എന്ന പേര് നീക്കണമെന്ന് ഒരു ചാനല്‍ വാര്‍ത്താ അവതാരകന് ആട്ടഹസിച്ച നാട്ടിലാണ് ആണും, പെണ്ണും ഒരുമിച്ചിരിക്കുന്നതിന് പരസ്യവിലക്ക് കല്പിച്ച മാനേജ്മെന്റ് കാടത്തം ചര്‍ച്ചയാകാതെ പോകുന്നതെന്നോര്‍ക്കണം.
പോത്തിറച്ചിയ്ക്കും പശുവിറച്ചിയ്ക്കും വേണ്ടിയുള്ള കടിപിടികള്‍ക്കിടയില്‍ കോലഹാലങ്ങള്ക്കിടയില് മറയാനും മറയ്ക്കാനുമുള്ളതല്ല കോഴിക്കോട് രാമനാട്ടുകര ഫറൂഖ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കുന്ന ലിംഗവിവേചനം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യനീതി അവകാശമായി ഉയരുന്ന നവസമൂഹത്തില്‍ നിന്ന് വലിയ മതില്‍കെട്ടി യാഥാസ്ഥിതിക ചിന്തകളില്‍ പുതിയ ക്യാമ്പസ് നിര്‍മ്മിക്കുകയാണ് ഫറൂഖ് കോളേജ് മാനേജ്മെന്റ്. ചില പക്ഷപാതിത്വ നിലപാടുകളുടെ പേരില്‍ പരസ്യമായ ഈ വിവേചനത്തിന്റെ പാഠങ്ങള്‍ നാം വായിക്കാതെ പോയാല്‍ അത് വരും തലമുറയോട് ചെയ്യുന്ന വലിയ തെറ്റാകും.
വെറും ശരീരമാണ് നീ എന്ന് സ്ത്രീ ഉടലുകളെ പറഞ്ഞ് പഠിപ്പിക്കുന്ന മതചിന്തകളുടെ പ്രചാരകര്‍, കുരുന്നുകള്‍ക്ക് സ്വാതന്ത്ര്യത്തിന്റെയും, സമഭാവനയുടേയും ലോകം തുറന്ന് കാണിക്കുന്ന അധ്യാപക സമൂഹമാവുന്നത് ഒട്ടും ആശാസ്യമല്ല. എന്തിന്റെ പേരിലായാലും അതിനെ പിന്തുണയ്ക്കുന്ന ചെറിയൊരു സംഘം വളര്‍ന്നു വരുന്നത് ആപത്ക്കരമെന്ന് തന്നെ വിലയിരുത്തണം.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിന് വിലക്ക് കല്പിക്കുന്ന ഗുരുനാഥന്മാര് ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്നറിയില്ല. പക്ഷേ ഇത്തരം വിഷയങ്ങള്‍ സമൂഹം ഏറ്റെടുത്ത് ചര്‍ച്ച ചെയ്യാത്തത് സാമൂഹ്യജീവി എന്ന നിലയില്‍ നമ്മളോരോരുത്തരും ചെയ്യുന്ന തെറ്റ് തന്നെയാണ്.
സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ പേരില്‍ നഗ്നമായ ലിംഗവിവേചനമാണ് ഫറൂഖ് കോളേജില്‍ അരങ്ങേറിയത്. ആണ്‍കുട്ടികളെയും, പെണ്‍കുട്ടികളെയും വേര്‍പ്പെടുത്തി കൊണ്ട് മാത്രമേ പഠനം സാധ്യമാകു എന്ന മാനേജ്മെന്റ് നിലപാട് താലിബാനിസത്തിന്റെ ടെസ്റ്റ് ഡോസ് എന്ന രീതിയില്‍ മാത്രമേ വിലയിരുത്താന്‍ കഴിയു.
കാലാകാലങ്ങളായി കേരളത്തിലെ ക്യാമ്പസുകളില്‍ തുടരുന്ന ലിംഗസമത്വം അപകടകരമാണെന്ന തെറ്റായ സന്ദേശം പകര്‍ന്ന് ഇവര്‍ എന്ത് ചട്ടക്കൂടാണ് വിദ്യാര്‍ത്ഥി സമൂഹത്തിന് മേല്‍ അടിച്ചേല്പിക്കാന് പോകുന്നത്. മുസ്ലിം ഹിന്ദു കൃസ്ത്യന്‍ മതവിശ്വാസികളായ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് ഫറൂഖ് കോളേജ്. ഈയൊരു യാഥാര്‍ത്ഥ്യം കൂടി ഉള്‍ക്കൊണ്ട് വേണം ചില മതപഠനസ്ഥാപനങ്ങളുടെ ചിട്ടവട്ടങ്ങളിലേക്ക് പരിമിതപ്പെടാന്‍. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിരമായ ചില നടപടികള്‍ കൈകൊണ്ട് പഠനാന്തരീക്ഷം സൃഷ്ടിക്കാനുള്ള ബാധ്യത മാനേജ്മെന്റിനുണ്ട്. അതിന് വേണ്ടി മര്‍ക്കടമുഷ്ടിയില്‍ നിന്ന് അയയുവാന്‍ മാനേജ്മെന്റെ് തയ്യാറാവുക തന്നെയാണ് ഏക പോംവഴി.
ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ ലോകം ഇടിഞ്ഞ് വീഴുമെന്ന യാഥാസ്ഥിതികരുടെ സ്ഥിരം ഭീതിയാണ് ഫറൂഖ് കോളേജില്‍ കാട്ട് നീതിയായി അവരോധിക്കപ്പെടുന്നത്. നടത്തത്തിലും, സംസാരത്തിലും, ജീവിതത്തിലും ഏകപക്ഷീയമായി ഇടപെടാനുള്ള ഇവരുടെ ശ്രമത്തെ നിസ്സാരമായി കാണുന്നത് അപകടകരമാകും. ഫറൂഖ് കോളേജില്‍ ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ല എന്ന് ചിലര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് തടയാന്‍ ക്യാമ്പസിലെ മരങ്ങളിലെ ചില്ലകള്‍ മുറിച്ച സ്ഥാപന മേധാവികള്‍ മുന്‍പും ഉണ്ടായിരുന്നുവെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കോളേജിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഫേസ്ബുക്കിലിട്ട ഇത് സംബന്ധിച്ച പോസ്റ്റിലെ വാചകങ്ങള്‍ ഇങ്ങനെയാണ്..
രാമനാട്ടുകരയ്ക്കടുത്തുള്ള ഫറൂഖ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നുള്ള അശുഭ വാര്‍ത്തകള്‍ ദിവസവും വന്നുകൊണ്ടിരിക്കുമ്പോള്‍ പൂര്‍വ വിദ്യാര്‍ഥി എന്ന നിലയില്‍ ചിലത് കുറിക്കാന്‍ മനസ്സ് പറയുന്നു. ഞങ്ങള്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്തും ഭീകരമായ രീതിയില്‍ പല തരത്തിലുമുള്ള വിവേചനം കോളേജില്‍ നിലനിന്നിരുന്നു. എന്നാല്‍ ഇത്തരം ചില അരുതായ്മകളോട് പ്രതികരിക്കാന്‍ കഴിവുള്ള ഒരുകൂട്ടം അധ്യാപകര്‍ അന്നുണ്ടായിരുന്നു. കെഇഎന്‍ എന്ന അധ്യാപകന് ഞങ്ങള്‍ക്ക് പകര്‍ന്ന ഊര്‍ജ്ജം അളവറ്റതാണ്. കാലം ഏറെ പുരോഗമിച്ചെങ്കിലും ഇന്ന് കോളേജില്‍ അരങ്ങേറുന്ന കാടത്തത്തോട് പ്രതികരിക്കാന്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിയുന്നില്ല എന്നത് ദുഖകരമാണ്.
മുബാറക്ക് പാഷ ആയിരുന്നു അന്ന് പ്രിന്‍സിപ്പാള്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രിന്‍സിപ്പാള്‍ ആയിരുന്നു എന്നാണ് അറിവ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് സംസാരിക്കുന്നതും നടക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. സ്വന്തം ഓഫീസ് മുറിയില്‍ നിന്നും വിദ്യാര്‍ഥികളെ ജനല്‍ വഴി നിരീക്ഷിച്ച് ഒരുമിച്ച് ഇടപെടുന്ന വിദ്യാര്‍ഥികളുടെ ഐഡി കാര്‍ഡ് പിടിച്ചെടുക്കാന്‍ അദ്ദേഹം ഉത്തരവിട്ടിരുന്നു. കോളേജിലെ അനധ്യാപകരായ ചിലരെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികളുടെ ഐഡി കാര്‍ഡുകള്‍ അന്ന് പിടിച്ചെടുത്തു. ഇത് മാത്രമല്ല പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്നും കാണുന്ന ദൂരമത്രയുമുള്ളരാജാഗേറ്റും ബസ്റ്റാന്റും കടന്ന് മരത്തിന്റെ ചില്ലകള്‍ മുറിച്ചുമാറ്റി. ആണും പെണ്ണും ഒരുമിച്ച് നടക്കുന്നുണ്ടോ എന്നറിയാനുള്ളതാണ് ഈ പ്രകൃതി സ്നേഹം!!!!…..
ക്യാമ്പസുകളില്‍ നിന്ന് സൗഹാര്‍ദ്ദവും, സ്നേഹവും പുറത്ത് നിര്‍ത്തുക എന്ന മാനേജ്മെന്റ് ലക്ഷ്യത്തിനെതിരെയുള്ള പ്രതികരണത്തിനൊപ്പം, എന്ത് കൊണ്ട് സമൂഹം ഇത്രത്തോളം സ്വയം ചുരുങ്ങുന്നു എന്ന് കൂടി ചര്‍ച്ച ചെയ്യേണ്ടതാണ്..കേരളവര്‍മ്മ കോളേജിന്റെ പേരില്‍ നിന്ന് കേരളവര്‍മ്മ എന്ന പേര് നീക്കണമെന്ന് ഒരു ചാനല്‍ വാര്‍ത്താ അവതാരകന് ആട്ടഹസിച്ച നാട്ടിലാണ് ആണും, പെണ്ണും ഒരുമിച്ചിരിക്കുന്നതിന് പരസ്യവിലക്ക് കല്പിച്ച മാനേജ്മെന്റ് കാടത്തം ചര്‍ച്ചയാകാതെ പോകുന്നതെന്നോര്‍ക്കണം.
സോഷ്യല്‍ മീഡിയകളില്‍ തിന്നാനുള്ള സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതധ്രൂവീകരണത്തിനായുള്ള പടയോട്ടങ്ങള്‍ നടക്കുന്നതിനിടയില്‍ കോഴിക്കോട് ഫറൂഖ് കോളേജിലെ ഈ ലിംഗവിവേചനം ചര്‍ച്ചയാകാതെ പോകരുത്. ജീവിക്കാനുള്ള അവകാശത്തിന് മേല്‍ ചില മതയാഥാസ്ഥിതിക തിന്തയുടെ വക്താക്കള്‍ നടത്തുന്ന അടിച്ചേല്പിക്കലുകള് തുടക്കത്തില്‍ തന്നെ പൊരുതി തോല്പിക്കേണ്ടതുണ്ട്..ക്യാമ്പസുകളെ താലിബാന് ഭരണത്തിന് കീഴിലാക്കുന്നതിനെ കേരളീയ സമൂഹം ഒന്നിച്ച് എതിര്‍ക്കുകയാണ് വേണ്ടത്. ചിലത് മാത്രം കണ്ട് സമരങ്ങള്‍ ആസൂത്രം ചെയ്യുന്ന മാനസീകമായ അടിമത്തം ഇക്കാര്യത്തിലുണ്ടാവരുത്..
Discussion about this post