തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ. കുത്തിയൊലിച്ചു വന്ന മഴവെളളപാച്ചിലില്പെട്ട് ഒരാള്‍ മരിച്ചു. കാഞ്ഞിരംകുളം കൊല്ലകോണം സ്വദേശി രാജന് (42) ആണ് മരിച്ചത്. വൈകിട്ടു ശക്തമായ മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമ്പാന്നൂര്‍, കിഴക്കേക്കോട്ട, അമ്പലത്തറ തുടങ്ങിയിടങ്ങളില്‍ വെള്ളം കയറി. അമ്പലത്തറയില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ഇതേത്തുടര്‍ന്നു നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വാമനപുരം, കാട്ടാക്കട എന്നിവിടങ്ങളില്‍ വീടുകള്‍ക്കു കേടുപാടുകള്‍ പറ്റി. തമ്പാനൂരിലിലേയും കിഴക്കേകോട്ടയിലേയും ബസ് സ്റ്റേഷനുകളില്‍ നിന്നും ബസ് കയറാനാകാത്ത അവസ്ഥയുണ്ടായിരുന്നു.
കിഴക്കേകോട്ടയില്‍ കുറച്ചു നേരം ബസ് സര്‍വീസ് നിറുത്തി വയ്ക്കേണ്ടി വന്നു. സര്‍വീസ് പുനഃരാരംഭിച്ചപ്പോഴും അരയോളം വെള്ളത്തില്‍ നടന്നാണ് യാത്രക്കാര്‍ ബസില്‍ കയറിയത്. ഇതു കാരണം സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടിയത്. തമ്പാനൂരില്‍ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ ട്രാക്കിലും വെള്ളം കയറി. ചാക്കയിലും കരിക്കകത്തും വെള്ളം കയറി. തീരമേഖലയില്‍ 50ഓളം വീടുകളില്‍ വെള്ളംകയറി.
Discussion about this post