ലക്നൗ: ഇന്ത്യ നേപ്പാൾ അതിർത്തിയിലുള്ള 1500ഓളം മദ്രസകളിലേക്കെത്തുന്ന പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കം ആരംഭിച്ച് യുപി സർക്കാർ. ഈ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ഉൾപ്പെടെയുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് രജിസ്ട്രാർ ജഗ്മോഹൻ സിംഗാണ് വിവിധ ജില്ലകളിലെ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർമാർക്കാണ് ഇത് സംബന്ധിച്ചുള്ള നിർദ്ദേശം കൈമാറിയത്.
അതിർത്തി മേഖലകളിൽ പ്രവർത്തിക്കുന്ന മദ്രസകളുടെ വരവ് ചെലവ് രേഖകൾ, വിദ്യാർത്ഥികളുടെ എണ്ണം തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങൾ കൈമാറണമെന്നാണ് ആവശ്യം. മൂന്ന് വിഭാഗങ്ങളിലായിട്ടാകും മദ്രസകളുടെ പട്ടിക തയ്യാറാക്കുന്നത്. 100 മുതൽ 200 വരെ വിദ്യാർത്ഥികളുള്ള മദ്രസകൾ ആദ്യ വിഭാഗത്തിലും 200 മുതൽ 500 വരെ വിദ്യാർത്ഥികളുള്ള മദ്രസകൾ രണ്ടാമത്തെ വിഭാഗത്തിലും 500ലധികം വിദ്യാർത്ഥികളുള്ള മദ്രസകളെ മൂന്നാമത്തെ വിഭാഗത്തിലും ഉൾപ്പെടുത്തും.
ബൽറാംപൂർ, ശ്രാവസ്തി, മഹാരാജ്ഗഞ്ച്, സിദ്ധാർത്ഥ് നഗർ, ബഹ്റൈച്ച്, ലഖിംപൂർ ഖേരി ജില്ലകളിലെ മദ്രസകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. സർക്കാരിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും മദ്രസ ബോർഡ് വെബ്സൈറ്റിലെ രേഖകൾ അപ്ഡേറ്റ് ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഗോരഖ്പൂർ ന്യൂനപക്ഷ ക്ഷേമ ഓഫീസർ അശുതോഷ് പാണ്ഡെ പറഞ്ഞു.കഴിഞ്ഞ സെപ്തംബർ ഒക്ടോബർ മാസങ്ങളിലും യുപി സർക്കാർ 46 ദിവസത്തെ മദ്രസ സർവേ നടത്തിയിരുന്നു. ഫണ്ടിംഗ് ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്നും ശേഖരിച്ചത്.
Discussion about this post