നാഗ്പൂർ: ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ഒന്നാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ സ്പിൻ ആക്രമണം അഴിച്ചു വിട്ട് ഇന്ത്യ. ആദ്യ സെഷനിൽ ഇന്ത്യൻ സീമർമാർക്ക് മുന്നിൽ ചൂളിയ ഓസീസിനെ രണ്ടാം സെഷനിൽ സ്പിൻ ആക്രമണത്തിലൂടെ ഇന്ത്യ മെരുക്കി. നിലവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എന്ന നിലയിലാണ് സന്ദർശകർ.
ഓപ്പണർമാരായ ഉസ്മാൻ ഖവാജയെ സിറാജ് എൽ ബി ആക്കിയപ്പോൾ വാർണറെ ഷമി ക്ലീൻ ബൗൾ ചെയ്തു. വാർണറുടെ സ്റ്റമ്പുകൾ വായുവിൽ പറന്നു കളിച്ചത് ആവേശകരമായ കാഴ്ചയായിരുന്നു. 2 റൺസിന് 2 വിക്കറ്റ് നഷ്ടമായ സന്ദർശകരെ പിന്നീട് മുൻ ക്യാപ്ടൻ സ്റ്റീവൻ സ്മിത്തും മാർനസ് ലബൂഷെയ്നും ചേർന്ന് കരകയറ്റിയപ്പോൾ, കാര്യമായ പരിക്കില്ലാതെ ഉച്ചഭക്ഷണത്തിന് പിരിയാൻ ഓസീസിനായി.
എന്നാൽ ലഞ്ചിന് ശേഷം രവീന്ദ്ര ജഡേജയുടെ മാന്ത്രിക സ്പിൻ ബൗളിംഗിനാണ് കങ്കാരുക്കൾ ഇരയായത്. കണ്ണടച്ച് തുറക്കും മുൻപ് ലബൂഷെയ്നെയും മാറ്റ് റെൻഷായെയും സ്മിത്തിനെയും ജഡേജ മടക്കി. 49 റൺസെടുത്ത ലബൂഷെയ്നെ വിക്കറ്റ് കീപ്പർ കെ എസ് ഭരത് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ റെൻഷായെ ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി. ഹാൻഡ്സ്കോമ്പിനൊപ്പം ഇന്നിംഗ്സ് പടുത്തുയർത്താൻ ശ്രമിച്ച സ്മിത്തിനെ മനോഹരമായ ഒരു പന്തിലൂടെ ജഡേജ ബൗൾഡാക്കി. 37 റൺസുമായി സ്മിത്ത് മടങ്ങി.
തുടർന്ന് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കേയ്രിയെ അശ്വിൻ ട്രേഡ് മാർക്ക് ബോളിലൂടെ ബൗൾഡാക്കി. 33 പന്തിൽ 36 റൺസായിരുന്നു കേയ്രിയുടെ സംഭാവന. നിലവിൽ 23 റൺസുമായി ബാറ്റിംഗ് തുടരുന്ന ഹാൻഡ്സ്കോമ്പിന് കൂട്ടായി 6 റൺസെടുത്ത ക്യാപ്ടൻ പാറ്റ് കമ്മിൻസാണ് ക്രീസിൽ.
Discussion about this post