റക്സോള്‍: നേപ്പാളിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന റക്സോളില്‍ മധേസി പ്രക്ഷോഭകാരികള്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരുക്കേറ്റു. പുതിയ ഭരണഘടനയ്ക്കും ഏഴ് പ്രവിശ്യകളുടെ അതിര്‍ത്തി നിര്‍ണയത്തിനും എതിരെയുള്ള പ്രക്ഷോഭത്തിനിടയ്ക്കാണ് വെടിവെപ്പ്.
അതിര്‍ത്തിയിലെ ഒരു പാലത്തിന് മുകളിലാണ് പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് നേരെ പൊലീസ് വെടിവെച്ചത്. പക്ഷോഭം ദക്ഷിണ നേപ്പാളില്‍ വലിയ തോതില്‍ അരക്ഷിതാവസ്ഥയുണ്ടാക്കിയിട്ടുണ്ട്.
നാല്പത് ദിവസത്തോളമായി പ്രക്ഷോഭം തുടരുകയാണ്. റക്സോളിലും അതിര്‍ത്തിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരമുള്ള ബിര്ഗുഞ്ചിലുമാണ് പ്രക്ഷോഭം ശക്തമായിരിയ്ക്കുന്നത്. തങ്ങളുടെ അവകാശങ്ങളെ പുതിയ ഭരണഘടന പാര്ശ്വവത്കരിയ്ക്കുകയാണെന്നാണ് മധേസികള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരോപണം.
ബിഹാറിലെ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പ്ലാന്റുകളില്‍ നിന്ന് എണ്ണ കൊണ്ടു പോവുന്ന നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിരവധി ട്രക്കുകള്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണ്. പ്രക്ഷോഭകാരികളുടെ ടെന്റുകള്‍ നേപ്പാളി പൊലീസ് കത്തിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിലും ഗതാഗത തടസത്തിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് നേപ്പാള്‍ ആരോപിച്ചു.
ഇതേ തുടര്‍ന്ന് പെട്രോളിയം ഇറക്കുമതിയ്ക്ക് ഇന്ത്യയെ ആശ്രയിച്ചിരുന്ന നേപ്പാള്‍ ചെനയുമായി പെട്രോളിയം ഇറക്കുമതി ചെയ്യാനുള്ള കരാര്‍ ഒപ്പുവെച്ചിരുന്നു.
Discussion about this post