ഒരു റോബോട്ട് സിനിമ അണിയറയില്‍ തയാറാവുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ജാപ്പനീസ് സിനിമയായ സായനോരയിലാണ് ഒരു റോബോട്ട് പ്രധാന നടിയാവുന്നത്. കൊജി ഫുകാഡ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുകാലുകളും തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന ലിയോണ എന്ന യുവതിയെ ആണ് ജെമിനോയിഡ് എഫ് അവതരിപ്പിക്കുന്നത്. ജപ്പാനില്‍ വന്‍ ആണവദുരന്തത്തിന് ശേഷമുള്ള സംഭവങ്ങളാണ് സായനോരയിലെ പ്രമേയം.
കാഴ്ചയില്‍ ഒരു സാധാരണ ജാപ്പനീസ് യുവതിയാണ് ജെമിനോയിഡ്. ഈ റോബോട്ടിന്റെ ചര്‍മം റബ്ബര്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. വായൂസമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ച്വുവേറ്ററുകള്‍ മുഖത്തിനും കൈകള്‍ക്കും സ്വാഭാവിക ചലനം പ്രദാനം ചെയ്യുന്നു. ലാപ്ടോപ്പിലൂടെ നിയന്ത്രിക്കാവുന്ന ഈ ആന്‍ഡ്രോയിഡ് സുന്ദരിക്ക് 72 ലക്ഷത്തോളം രൂപയാണ് വില.
ജെമിനോയിഡ് എഫ് എന്ന പേരിലുള്ള ഈ ആന്‍ഡ്രോയ്ഡ് (മനുഷ്യരോട് സാമ്യമുള്ള റോബോട്ടുകളെയാണ് ആന്‍ഡ്രോയ്ഡ് എന്ന് വിളിക്കുന്നത്) അഭിനേത്രിയെ ഒസാക സര്‍വകലാശാലയിലെ പ്രമുഖ ശാസ്ത്രജ്ഞന് ഹിരോഷി ഇഷിഗുറൊയാണ് രൂപകല്‍പ്പന ചെയ്തത്. സ്വന്തം അപരന് ഉള്‍പ്പെടെ നിരവധി മനുഷ്യറോബോട്ടുകള്‍ക്ക് രൂപം നല്‍കിയയാളാണ് ഇഷിഗുറൊ. ‘ആന്‍ഡ്രോയിഡുകളാകുമ്പോള്‍ പരാതിപറയില്ല, ദേഷ്യപ്പെടില്ല, ഒരിക്കലും ഉറങ്ങുകയുമില്ല’, നടിയുടെ മേന്മകള് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ജപ്പാനില്‍ നവംബര്‍ 21ന് സയനോര പ്രദര്‍ശനത്തിന് എത്തും.
Discussion about this post