ടൊറന്റോ: കാനഡയുടെ 23ാമത് പ്രധാനമന്ത്രിയായി ജസ്റ്റിന് ട്രൂഡോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതുതായി അധികാരമേറ്റ ലിബറല്‍ പാര്‍ട്ടി മന്ത്രിസഭയില്‍ വടക്കേ അമേരിക്കന്‍ രാജ്യത്തെ ഇന്ത്യന്‍ വംശജരായ നാല് എം.പിമാരാണുള്ളത്. അതില്‍ ദക്ഷിണ വാന്‍കൂവര്‍ എം.പിയായ ഹര്‍ജിത് സജ്ജന്‍ പ്രതിരോധവകുപ്പിന്റെ ചുമതലയാണ്.
ഇന്‍ഡോ കനേഡിയന്‍ ഗ്യാംഗ്സ്റ്ററുകളെക്കുറിച്ച് അന്വേഷിച്ചിരുന്ന ഡിറ്റക്ടീവായിരുന്നു പുതിയ പ്രതിരോധമന്ത്രിയായ ഇന്ത്യന്‍ വംശജന് സജ്ജന്‍. ശാസ്ത്രം സാമ്പത്തിക വളര്‍ച്ച തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായ നവ്ദീപ് ബെയ്ന്‍സ്, പശ്ചാത്തല വികസനം സമുദായം എന്നിങ്ങനെ വകുപ്പുകളുടെ മന്ത്രിയായ അമര്‍ജീത് സോഹി, ചെറുകിട വ്യവസായ വകുപ്പിന്റെ മന്ത്രിയായ കൂട്ടത്തിലെ ഏക സ്ത്രീ ബന്ദിഷ് ചഗ്ഗാര് എന്നിവരാണ് മറ്റുള്ള ഇന്ത്യന്‍ വംശജര്‍. കഴിഞ്ഞ തവണ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാറില്‍ രണ്ട് ഇന്ത്യന്‍ വംശജരാണ് മന്ത്രിമാരായി ഉണ്ടായിരുന്നത്.
മുന്ചടങ്ങുകളില് നിന്ന് വ്യത്യസ്തമായി ആര്‍ക്കും കടന്നുവരാവുന്ന ചടങ്ങാണ് ബുധനാഴ്ച രാവിലെ നടന്നത്. ലിംഗസമത്വം ഉറപ്പുവരുത്തതില് പ്രതിജ്ഞാബദ്ധനാണെന്ന് ആവര്‍ത്തിച്ച പുതിയ പ്രധാനമന്ത്രി തന്റെ 31 അംഗ മന്ത്രിസഭയില്‍ പകുതിയിലധികം സ്ഥാനങ്ങളും സ്ത്രീകള്‍ക്ക് നല്കി.
പരമ്പരാഗത വാദ്യമേളങ്ങളുടെ അകമ്പടിയോടെ മന്ത്രിമാരെത്തിയ ചടങ്ങില്‍ രാജ്യം കണ്ട രണ്ടാമത് പ്രായം കുറഞ്ഞ പ്രധാനമന്ത്രി രാവിലെ 10.45ഓടെ സത്യപ്രതിജ്ഞ ചെയ്തു. ഹാളിലെ കരഘോഷങ്ങളെ വെല്ലുന്ന ആര്‍പ്പുവിളികള്‍ പുറത്ത് സ്ക്രീനിലൂടെ ചടങ്ങ് കാണുകയായിരുന്നവരില് നിന്നുണ്ടായി.
Discussion about this post