തിരുവനന്തപുരം: മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം നയിക്കുന്ന സംഘം പിടിയിൽ. ആര്യനാട് പെരുംകുളം ലിനിൽരാജ് ഭവനിൽ ഷമീർ(26), വെമ്പായം പുത്തൻകെട്ടിയിൽ വീട്ടിൽ ജമീർ(24), നെടുമങ്ങാട് പരിയാരം എഎസ് ഭവനിൽ അനന്തു(31) എന്നിവരാണ് പിടിയിലായത്. പോത്തൻകോട് പോലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികളിലൊരാളായ ഷമീർ സ്റ്റേഷനിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപെടാനും ശ്രമം നടത്തി. ഇയാളെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു
പോത്തൻകോട്, നെടുമങ്ങാട്, വലിയമല, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ മൊബൈൽ ടവറുകളിൽ നിന്നാണ് പ്രതികൾ ബാറ്ററി മോഷണം നടത്തിയത്. മോഷണം നടത്തിയ ബാറ്ററികൾ വെഞ്ഞാറമൂട്, ഞാണ്ടൂർക്കോണം തുടങ്ങിയ സ്ഥലങ്ങളിലെ ആക്രി കടകളിലെത്തിച്ച് വിൽപന നടത്തും. ഇത് വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി. ഇവർ സഞ്ചരിച്ച ബൈക്കും മോഷ്ടിച്ച ബാറ്ററികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവർ. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നെടുമങ്ങാട്, വലിയമല, ആറ്റിങ്ങൽ പോലീസ് സ്റ്റേഷനുകളിലെല്ലാം പ്രതികൾക്കെതിരെ കേസ് ഉണ്ട്. കേസിന്റെ ഭാഗമായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു.
Discussion about this post