ചെന്നൈ: മഴക്കെടുതിയില്‍ തമിഴ്നാട്ടില്‍ രണ്ടര വയസുള്ള കുഞ്ഞടക്കം അഞ്ച് മരണം. രണ്ട് ദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും വന്‍ നാഷനഷ്ടമുണ്ടായി.
വീടിന്റെ ചുമരിടിഞ്ഞു വീണാണ് മരണമുണ്ടായത്. ദീപാവലി തലേന്നുണ്ടായ മഴ തമിഴ്നാട്ടിലെ ആഘോഷ ഒരുക്കങ്ങളെ സാരമായി ബാധിച്ചു. പടക്ക വിപണി ഉള്‍പ്പെടെ കച്ചവടമേഖലയില്‍ മഴ തിരിച്ചടിയായി.
റെയില്‍, റോഡ് ഗതാഗതത്തെയും മഴ ബാധിച്ചു. മരങ്ങളും വൈദ്യുതി തൂണുകളും ഒടിഞ്ഞു വീണത് മൂലം തമിഴ്നാട്ടിലെ വിവധ മേഖലകളില്‍ വൈദ്യുതി വിതരണം താറുമാറായി. ശക്തമായ കാറ്റുവീശിയ കടലൂര്‍ മേഖലയില്‍ വീടുകളും കടകളും തകര്‍ന്നു. നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് ഖനന ജോലികള്‍ നിര്‍ത്തിവെച്ചു.
വടക്കുകിഴക്കന്‍ മണ്‍സൂണിനൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ ശക്തിപ്രാപിക്കാന്‍ കാരണം. ഏതാനും ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ചെന്നൈ തീരത്തിനടുത്ത് ചുഴലിക്കാറ്റിന് കാരണമായേക്കാവുന്ന അതിശക്തമായ ന്യൂനമര്‍ദ്ദം രൂപം കോണ്ടതായി കൊച്ചിന് റഡാര്‍ കേന്ദ്രവും അറിയിച്ചു.
Discussion about this post