നാഗ്പൂര്‍: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനം നേരിടവെ പിന്തുണയുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ജയവും പരാജയവുമെല്ലാം എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴും പാര്‍ട്ടി പരാജയമേറ്റു വാങ്ങിയിട്ടുണ്ട്ു. തിരഞ്ഞെടുപ്പ് പരാജയത്തിന് മോദിയേയും അമിത് ഷായേയും കുറ്റപ്പെടുത്തുന്നത് ന്യായമല്ല. പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് അമിത് ഷായെ മാറ്റാനുള്ള യാതൊരു സാദ്ധ്യതയും നിലവിലില്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
ഞങ്ങളുടെ പാര്‍ട്ടി പ്രവര്ത്തകരുടെയാണ്. ഏതെങ്കിലും കുടുംബത്തിന്റെയല്ല. ജയവും പരാജയവുമെല്ലാം എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ബി.ജെ.പിയെ തോല്പ്പിയ്ക്കാന് ലക്ഷ്യമിട്ട് മൂന്ന് പാര്‍ട്ടികള്‍ കെട്ടിപ്പടുത്ത ഐക്യമാണ് ബീഹാറില്‍ പരാജയത്തിന് കാരണമായത്. വിവാദ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പാര്‍ട്ടി അദ്ധ്യക്ഷന്‍ മുന്‍കൈയെടുത്ത് ശക്തമായ നടപടി കൈക്കൊള്ളണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു.
എല്‍.കെ.അദ്വാനി മുതിര്‍ന്ന നേതാക്കള്‍ ബീഹാര്‍ ഫലം പുറത്തു വന്ന ശേഷം പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നേതൃത്വം തെറ്റുകളില്‍ നിന്ന് ഒന്നും പഠിയ്ക്കുന്നില്ലെന്നായിരുന്നു അദ്വാനിയുടെ വിമര്‍ശനം. ബീഹാറില്‍ വിജയിച്ചിരുന്നെങ്കില്‍ അതിന്റെ അവകാശവാദങ്ങളുമായി രംഗത്ത് വരുമായിരുന്നവര് ഇപ്പോള്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിയ്ക്കുകയാണെന്ന് അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമടക്കമുള്ളവര് പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു. നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.
Discussion about this post