കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചേവായൂർ മാലൂർകുന്ന് പോലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകിട്ടും രാത്രിയുമായി നടത്തിയ ചോദ്യം ചെയ്യലിൽ ഷാരൂഖിൽ നിന്ന് പോലീസിന് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കൃത്യത്തിന് പിന്നിൽ ആരാണ്, ഗൂഢാലോചന നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ആദ്യ ഘട്ടത്തിൽ പോലീസ് ശേഖരിക്കുന്നത്. ഇതിന്റെ ഭാഗമായി ഷാരൂഖിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പും നടത്തും.
നിലവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിൽ എത്തിച്ചുള്ള തെളിവെടുപ്പ് നടത്താനുണ്ട്. അന്വേഷണസംഘം കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ സന്ദർശിച്ച് നിലവിലെ അന്വേഷണ പുരോഗതി അറിയിച്ചിട്ടുണ്ട്. അതേസമയം ട്രെയിനിൽ നിന്ന് മൂന്ന് പേർ വീണ് മരിച്ചതിൽ ഷാരൂഖിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്.
എന്നാൽ ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തുന്നതിൽ തീരുമാനമായിട്ടില്ല. ഓടുന്ന ട്രെയിനിൽ വച്ച് ഇയാൾ യാത്രക്കാർക്ക് നേരെ ബോധപൂർവ്വം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിൽ ട്രെയിൻ പൂർണമായും ആക്രമിക്കുക എന്ന ഉദ്ദേശവുമുണ്ട്. സ്ഫോടനസാദ്ധ്യതയുള്ള വസ്തുവും ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ യുഎപിഎ കൂടി ചുമത്താമെന്നാണ് നിയമോപദേശം.
Discussion about this post