കൊല്ലം: ക്ഷേത്ര വളപ്പില്‍ വെച്ച് മൈക്ക് ഓപ്പറേറ്ററെ ബൈക്കിലെത്തിയ മൂന്നംഗ വടിവാളിന് വെട്ടി കൊലപ്പെടുത്തി. തിരുമുല്ലവാരം കന്നിമേല്‍ കാരിക്കാത്തറ ബാബുവിന്റെ മകന് സുമേഷ് (കുട്ടന് 34) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചെമ്പന്‍ എന്ന ശ്രീക്കുട്ടനെ (30) നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി.
പരിക്കേറ്റ സുമേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെ തിരുമുല്ലവാരം ഇടയ്ക്കാട്ട്കാവ് ധര്‍മ്മശാസ്താ ക്ഷേത്ര വളപ്പിലാണ് സംഭവം. ആര്‍ഷ സൗണ്ട്സ് സ്ഥാപനം നടത്തുകയും മൈക്ക്, ലൈറ്റ് കാര്യങ്ങള്‍ നോക്കുകയും ചെയ്യുന്ന സുമേഷിനെത്തേടി മൂന്നംഗ സംഘം രാവിലെ വീട്ടില്‍ എത്തിയിരുന്നു.
സുമേഷ് അവിടെയില്ലെന്ന് ബോദ്ധ്യമായതോടെ സംഘം ക്ഷേത്രത്തില്‍ എത്തി. അക്രമികള്‍ ക്ഷേത്രവളപ്പില്‍ കടന്നപ്പോള്‍ പേടിച്ച് ശ്രീകോവിലിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച സുമേഷിനെ വടിവാള്‍ കൊണ്ട് രണ്ട് വട്ടം വെട്ടി.
ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തര്‍ ചിതറിയോടി. ചിലര്‍ അക്രമികളെ പിന്തിരിപ്പിക്കാന് എത്തിയെങ്കിലും വടിവാള്‍ വീശി സുമേഷിനെ കുത്തി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് അവിടെനിന്ന് രക്ഷപ്പെട്ട സംഘത്തിലെ ശ്രീക്കുട്ടനെ നാട്ടുകാര്‍ അരകിലോമീറ്റര്‍ പിന്തുടര്ന്നാണ് പിടികൂടിയത്.
Discussion about this post