അന്റാല്യ: കഴിഞ്ഞ ദിവസം സമാപിച്ച ജി20 ഉച്ചകോടിയുടെ സ്മരണയ്ക്കായി തുര്‍ക്കി നരേന്ദ്രമോദിയുടെ സ്റ്റാമ്പ് പുറത്തിറക്കി. 2.80 തുര്‍ക്കി ലിറ മൂല്യമുള്ള സ്റ്റാമ്പില്‍ മോദിയുടെ ചിത്രത്തിനൊപ്പം ഇന്ത്യന്‍ ദേശീയ പതാകയുമുണ്ട്. ചുവടെ നരേന്ദ്രമോദി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഉച്ചകോടിയില്‍ പങ്കെടുത്ത എല്ലാ നേതാക്കളുടെയും സ്റ്റാമ്പുകള്‍ പ്രസിഡന്റ് ത്വയിബ് ഉര്ദുഗാന് പുറത്തിറക്കിയതായി ഉച്ചകോടിയുടെ ഔദ്യോഗിക ട്വീറ്റില്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ,റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്,ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്, ബ്രിട്ടണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ആസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബില്‍, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസേഫ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ, ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേ,യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക് എന്നിവര്‍ സ്റ്റാമ്പുകളിലുള്പ്പെട്ടു.
പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം റദ്ദാക്കിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദിന്റെ പേരിലും സ്റ്റാമ്പിറക്കിയിട്ടുണ്ട്. ലോകത്തെ വലുപ്പമുള്ളതും ശക്തിയുള്ളതുമായ 19 രാജ്യങ്ങളുടെ നേതാക്കന്മാരും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ 33 പേരുടെ സ്റ്റാമ്പാണ് പുറത്തിറക്കിയത്.
Discussion about this post