ജമ്മു: ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തീവ്രവാദ സംഘടനകളായ ഐ.എസും പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തൊയ്യിബയും കൈകോര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഉന്നത സൈനിക കമാന്‍ഡറുടെ മുന്നറിയിപ്പ്. 16 സൈനിക വിഭാഗം കമാന്‍ഡിങ് ജനറല്‍ ഓഫീസര്‍ ലഫ്. ജനറല്‍ ആര്.ആര് നിംബോര്ഖറാണ് ഇക്കാര്യമറിയിച്ചത്.
പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയില്‍ 700ലധികം തീവ്രവാദ പരിശീലന കേന്ദ്രങ്ങളുണ്ട്. ഒരു ക്യാമ്പില്‍ 20 മുതല്‍ 30 വരെ തീവ്രവാദികളാണുള്ളത്. അതിര്‍ത്തി വഴി ഇന്ത്യയില്‍ നുഴഞ്ഞു കയറി ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതി. ഈ നീക്കങ്ങള്‍ തകര്‍ക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യമെന്നും ആര്.ആര് നിംബോര്‍ഖര്‍ പറഞ്ഞതായി ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്തു
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ നടത്തിയത് പോലുള്ള ആക്രമണത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പാകിസ്ഥാനില്‍ നിന്നുള്ള ലഷ്കറെ തായിബ പോലുള്ള ഭീകരസംഘടനകളുമായി കൂട്ടു ചേരുന്ന സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിലെ 37ഓളം ക്യാമ്പുകളില്‍ സജീവ പ്രവര്‍ത്തനം ഉള്ളതായി ഉധംപൂര്‍ ആക്രമണത്തില്‍ ജീവനോടെ പിടിയിലായ പാക് തീവ്രവാദി നവീദ് മൊഴി നല്‍കിയിട്ടുണ്ടെന്നും നിംബോര്‍ഖര്‍ വ്യക്തമാക്കി.
Discussion about this post