തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കലാസാഹിത്യ പ്രവര്‍ത്തനം നടത്തുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പുറത്തിറക്കിയ വിവാദ ഉത്തരവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മരവിപ്പിച്ചു. ഉത്തരവിനെ കുറിച്ച് അടിയന്തരമായി പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
ഉത്തരവിനെതിരെ നിശിതമായ വിമര്‍ശമാണ് വിവിധ കേന്ദ്രങ്ങളില്‍നിന്ന് വന്നത്. ആദ്യം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഏറ്റവും ഒടുവില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും ഉത്തരവ് പിന്‍വലിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പ് രൂക്ഷമായതോടെയാണ് ഉത്തരവ് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും സ്വകാര്യ റേഡിയോ, ടി.വി ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും സിനിമ, സീരിയല്‍, പ്രഫഷനല്‍ നാടകം എന്നിവയില്‍ അഭിനയിക്കുതിനും വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഈ മാസം 11ന് ഉത്തരവ് പുറപ്പെടുവിച്ചത്.
കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാര്‍ ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനം എടുത്ത ശേഷം മാത്രമായിരിക്കുമെന്നായിരുന്നു ഉത്തരവ്. സ്വകാര്യ റേഡിയോകളിലും ടെലിവിഷന്‍ ചാനലുകളിലും വാര്‍ത്താധിഷ്ഠിതമോ അല്ലാതെയോ ഉള്ള പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന കലാകായികവിനോദഭാഗ്യാന്വേഷണ പരിപാടികളില്‍ പങ്കെടുക്കുന്നതിനും നിയന്ത്രണം ബാധകമാക്കിയിരുന്നു.
സിനിമയിലും സീരിയലിലും പ്രഫഷനല്‍ നാടകത്തിലും അഭിനയിക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥയും ഏര്‍പ്പെടുത്തി. സാഹിത്യ സൃഷ്ടികള്‍, ഗവേഷണ പ്രബന്ധങ്ങള്‍, ലേഖന സമാഹാരങ്ങള്‍, പഠന സഹായികള്‍ എന്നിവ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനും മുന്‍കൂര്‍ അനുമതി വാങ്ങണമായിരുന്നു.
നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 48 പ്രകാരം ജീവനക്കാര്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെതന്നെ കലാസാഹിത്യശാസ്ത്രജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമായിരുന്നു.
Discussion about this post