ന്യൂഡൽഹി; സിവിൽ സർവ്വീസ് ഫല പ്രഖ്യാപത്തിന് ശേഷം വ്യാജരേഖ ചമച്ച് റാങ്ക് ജേതാവെന്ന് വാദിച്ച രണ്ട് ഉദ്യോഗാർത്ഥികൾക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണനയിൽ. മദ്ധ്യപ്രദേശ് സ്വദേശിയായ അയ്ഷ മക്രാനി,ഹരിയാന സ്വദേശിയായ തുഷാർ എന്നിവർക്കെതിരെയാണ് നടപടി ആലോചിക്കുന്നത്.
രണ്ടുപേരുടെയും അവകാശവാദങ്ങൾ വ്യാജമാണ്. റാങ്ക് ജേതാവെന്ന് കാണിക്കാനായി അവർ തങ്ങൾക്ക് അനുകൂലമായ വ്യാജ രേഖകൾ ഉണ്ടാക്കിയെന്ന് യുപിഎസ്.സി ഇറക്കിയ പ്രസ്താവനയിൽ ആരോപിക്കുന്നു. കേന്ദ്രസർക്കാർ (പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ്) വിജ്ഞാപനം ചെയ്ത 2022 ലെ സിവിൽ സർവീസസ് പരീക്ഷയുടെ ചട്ടങ്ങളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് അയ്ഷ മക്രാനിയും തുഷാറും പ്രവർത്തിച്ചത്. അതിനാൽ, പരീക്ഷാ ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച്, രണ്ട് ഉദ്യോഗാർത്ഥികൾക്കെതിരെ അവരുടെ വഞ്ചനാപരമായ പ്രവൃത്തികൾക്ക് ക്രിമിനൽ, അച്ചടക്കപരമായ ശിക്ഷാ നടപടികൾ യുപിഎസ്സി ആലോചിക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് മദ്ധ്യപ്രദേശുകാരിയായ അയ്ഷ മക്രാനി, തനിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ 184ാം റാങ്ക് കിട്ടിയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ദേവദാസ് ജില്ലയിലുള്ള നസറുദ്ദീന്റെ മകള് അയ്ഷ ഫാത്തിമയ്ക്കും ഇതേ റാങ്ക് ലഭിച്ചെന്ന് പിന്നീട് വാർത്ത വന്നു. പരിശോധനയിൽ രണ്ട് അയ്ഷമാർക്കും ഒരേ റോൾ നമ്പർ ആണെന്ന് വ്യക്തമായി. അഡ്മിറ്റകാർഡിൽ ഇരുവരുടെയും റോൾ നമ്പർ 7811744 എന്നാണ് രേഖപ്പെടുത്തിയത്. പരീക്ഷ എഴുതിയെന്നും ഇന്റർവ്യൂവിന് ഹാജരായെന്നും രണ്ട് പെൺകുട്ടികളും അവകാശപ്പെട്ടു. ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് ലഭിച്ചെന്ന് അയ്ഷ മക്രാനിയും നാലാമത്തെ ശ്രമത്തിൽ സിവിൽ സർവ്വീസ് ലഭിച്ചതായി അയ്ഷ ഫാത്തിമയും അവകാശപ്പെട്ടു. പിന്നാലെ യുപിഎസ്.സി നടത്തിയ പരിശോധനയിലാണ് അയ്ഷ മക്രാനിയുടേത് വ്യാജ അവകാശവാദമാണെന്ന് തെളിഞ്ഞത്.
ആയഷ മക്രാനിയുടെ അഡ്മിറ്റ് കാർഡിൽ വ്യക്തിത്വ പരീക്ഷയുടെ തീയതി ഏപ്രിൽ 25 എന്നും ആ ദിവസം വ്യാഴാഴ്ച എന്നും രേഖപ്പെടുത്തിയിരുന്നു. അയാഷ ഫാത്തിമയുടെ കാർഡിൽ, വ്യക്തിത്വ പരീക്ഷയുടെ തീയതി ഏപ്രിൽ 25 ആയിരുന്നു, എന്നാൽ ദിവസം ചൊവ്വാഴ്ചയായിരുന്നു. കലണ്ടർ പ്രകാരം ഏപ്രിൽ 25 ചൊവ്വാഴ്ചയായിരുന്നു. അയ്ഷ ഫാത്തിമയുടെ അഡ്മിറ്റ് കാർഡിൽ യുപിഎസ്സിയുടെ വാട്ടർ മാർക്ക് ഉണ്ട്, അതേസമയം അലിരാജ്പൂരിലെ അയ്ഷയുടെ അഡ്മിറ്റ് കാർഡ് ക്യൂആർ കോഡില്ലാതെ പ്ലെയിൻ പേപ്പറിലെ പ്രിന്റൗട്ടിനോട് സാമ്യമുള്ളതാണ്. ഇതാണ് അയ്ഷ ഫാത്തിമയ്‌ക്കെതിരായ സംശയങ്ങൾക്ക് കാരണമായത്.
ഹരിയാന സ്വദേശിയായ തുഷാർ, അതേ പേരുള്ള 44 ാം റാങ്കുകാരൻ തുഷാറിൻ്റെ വ്യക്തിവിവരങ്ങൾ ഉപയോഗിച്ചാണ് അവകാശവാദം നടത്തിയത്. അന്വേഷണത്തിൽ വ്യാജ അവകാശവാദം ഉന്നയിച്ച തുഷാർ പ്രിലിമിനറി പരീക്ഷ പോലും പാസായിട്ടില്ലെന്ന് വ്യക്തമായി.
Leave a Comment