തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിസംഘങ്ങൾ നോട്ടമിട്ടിരിക്കുന്ന പ്രശ്‌നബാധിത സ്‌കൂളുകളുടെ ണ്ണം 1100 ആയി ഉയർന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ സെപ്തംബറിൽ എക്‌സൈസ് ഇന്റലിജൻസ് തയ്യാറാക്കിയ പട്ടിക പ്രകാരം 250 സ്‌കൂളുകളാണ് ഉണ്ടായിരുന്നത്. അധ്യയനവർഷത്തിന് മുൻപ് ജാഗ്രത ശക്തമാക്കണമെന്ന് എക്‌സൈസ് കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് കൂടുതൽ സ്‌കൂളുകൾ ഉൾപ്പെട്ടിരിക്കുന്നത്.
സ്‌കൂൾ പരിസരത്തെ ലഹരികേസുകളുടെ എണ്ണം, ലഹരി ഉപയോഗം, ലഹരി സംഘങ്ങളുമായി കുട്ടികളുടെ സമ്പർക്കം തുടങ്ങിയ കാര്യങ്ങളാണ് മാനദണ്ഡമാക്കിയിരിക്കുന്നത്. കുട്ടികൾ സ്‌കൂളിലേക്ക് പോകുന്ന വഴിയില്ലെലാം ലഹരി വിൽപ്പനക്കാർ തമ്പടിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റേഞ്ച് തിരിച്ചാണ് പട്ടിക ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 114 എക്‌സൈസ് റേഞ്ചുകളാണ് ഉള്ളത്. ഒരു റേഞ്ചിൽ 10 പ്രശ്‌നബാധിത സ്‌കൂളുകൾ എന്ന നിലയ്ക്ക് എടുത്തിട്ടുണ്ട്.
തയ്യാറാക്കിയ പട്ടിക റേഞ്ചുകളിലേക്ക് കൈമാറണമെന്നും നിരീക്ഷണം ശക്തമാക്കാനും ഇന്നലെ ചേർന്ന എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഈയാഴ്ച തന്നെ സ്‌കൂൾ പരിസരങ്ങളിൽ മഫ്തിയിൽ പട്രോളിംഗ് തുടങ്ങും. അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ സംസ്ഥാനത്തെ സ്‌കൂളുകളും പരിസരങ്ങളും നിരീക്ഷണ വലയത്തിലാക്കാൻ നർകോട്ടിക് കൺട്രോൾ ബ്യൂറോയും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post