അങ്കാറ: വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തി. സിറിയന്‍ അതിര്‍ത്തിയില്‍ വെച്ചാണ് റഷ്യയുടെ സു24 വിമാനം വെടിവെച്ചിട്ടത്. തങ്ങളുടെ യുദ്ധ വിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തകര്‍ന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം, പൈലറ്റുമാര്‍ രണ്ടുപേരും സുരക്ഷിതരാണെന്ന് തുര്‍ക്കി അറിയിച്ചു. വ്യോമാതിര്‍ത്തി ലംഘിക്കുന്നത് സംബന്ധിച്ച് റഷ്യന്‍ പെലറ്റുമാര്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി തുര്‍ക്കി സൈന്യം വ്യക്തമാക്കി. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മേഖലയില്‍ വച്ചാണ് എഫ്16 യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ എസ്.യു24 വിമാനം വെടിവച്ചിട്ടതെന്ന് അധികൃതര്‍ പറഞ്ഞുലതാകീയ പ്രവിശ്യയിലെ പര്‍വ്വതങ്ങളിലാണ് വിമാനം തകര്‍ന്നു വീണതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഹതായ് പ്രവിശ്യയിലെ യായ്ലിദാഗ് പട്ടണത്തില്‍ വച്ചാണ് റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കിയുടെ ആകാശത്തേക്ക് പ്രവേശിച്ചതെന്ന് തുര്‍ക്കി പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. അഞ്ചു മിനിട്ടിനിടെ പത്തു തവണ മടങ്ങി പോവാന്‍ വിമാനത്തിന് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് വിഗണിച്ചതോടെയാണ് വിമാനം വെടിവച്ചിടാന്‍ നിര്‍ബന്ധിതരായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ സുരക്ഷക്കായി സിറിയയുടെ ആകാശ നിയന്ത്രണം സെപ്റ്റംബര്‍ അവസാനത്തോടെ റഷ്യ ഏറ്റെടുത്തിരുന്നു. സിറിയയിലെ തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് റഷ്യയുടെ വാദമെങ്കിലും, ആക്രമണങ്ങള്‍ നടന്നത് വിമതരുടെ കേന്ദ്രങ്ങളിലാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
Discussion about this post