കൊച്ചി; ലോകം ഏറ്റവും കൂടുതൽ പ്രത്യാശയോടു കൂടി കണ്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അത് ജൻമം കൊണ്ട രാജ്യങ്ങളിലെല്ലാം തകർന്നടിഞ്ഞുവെന്ന് പ്രശസ്ത തിരക്കഥാകൃത്ത് രഞ്ജി പണിക്കർ. കുരുക്ഷേത്ര പ്രകാശൻ പുറത്തിറക്കിയ സംഘദർശന മാലിക പുസ്തക പരമ്പരയുടെ പ്രകാശന വേളയിൽ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാറ്റും വെളിച്ചവും കയറാതെ കെട്ടിപ്പൂട്ടിവെക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം അവസ്ഥ ഇതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുസ്തകങ്ങൾ വായിക്കാനും വിമർശിക്കാനുമുള്ളതാകുമ്പോൾ മാത്രമേ അതിന് പ്രസക്തി ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏത് വലിയ പ്രത്യയശാസ്ത്രമായാലും കാലത്തിൻറെ പ്രവാഹത്തിൽ പലപ്പോഴും തകർന്നടിഞ്ഞ് പോകുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ജൻമംകൊണ്ട എല്ലാ രാജ്യങ്ങളിൽ നിന്നും കടപുഴകയും നാടുകടത്തപ്പെടുകയും ചെയ്തതും നമ്മൾ കണ്ടു.എല്ലാ വാതിലുകളെയും കൊട്ടിയടിച്ചുകൊണ്ട് ഒരു ചിന്തയെയും നമ്മൾക്ക് നിലനിർത്താൻ കഴിയില്ല. ഏതു പ്രത്യയശാസ്ത്രവും വായിക്കപ്പെടുകയും ചർച്ചപ്പെടുകയും ചെയ്യുമ്പോൾ മാത്രമെ അതിൻറെ തടങ്കലുകളിൽ നിന്ന് വലിഞ്ഞു കയറി മുന്നോട്ടു സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാവുകയുള്ളു. അപ്പോൾ മാത്രമെ അവ നിലനിൽക്കുകയും കാലാതീതമാവുകയും ചെയ്യുകയുള്ളൂവെന്നും രഞ്ജി പണിക്കർ വ്യക്തമാക്കി .
എറണാകുളം ബിടിഎച്ചിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും ബാലസാഹിത്യകാരനുമായ പ്രായിപ്ര രാധാകൃഷ്ണൻ പുസ്തക പരമ്പരയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു. ഇത്രയും ഗഹനമായ പുസ്തകങ്ങൾ പ്രകാശനം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പരിപാടിയിൽ അടിയന്തിരാവസ്ഥക്കാലത്ത് പങ്കെടുത്തതിന്റെ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. മുതിർന്ന പ്രചാരകൻ എം.എ കൃഷ്ണനുമായി തനിക്കുള്ള ബന്ധവും അത് സംഘപ്രസ്ഥാനങ്ങളെ പരിചയപ്പെടാൻ കാരണമായതിന്റെ അനുഭവവും അദ്ദേഹം വിവരിച്ചു.
ആർഎസ്എസ് അഖിലഭാരതിയ സമ്പർക്ക വിഭാഗം അംഗം വി. രവികുമാർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിൽ ജനിച്ച് ലോക പ്രശസ്തരായ നിരവധി പ്രമുഖരെ അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനം രാജ്യത്തിന് പുറത്തേക്ക് വ്യാപിച്ചതും നിരവധി രാജ്യങ്ങളിൽ അവിടുത്തെ ഭരണാധികാരികൾ ഹിന്ദുസ്വയംസേവക സംഘത്തിന്റെ പരിപാടികളിൽ പങ്കെടുത്ത അനുഭവങ്ങളും അദ്ദേഹം ചടങ്ങിൽ വിവരിച്ചു. രാമായണവും മഹാഭാരതവും ഭഗവദ് ഗീതയും വിവിധ രാജ്യങ്ങളിൽ പഠിപ്പിക്കുന്നുണ്ട്. ഹിന്ദു ആഘോഷങ്ങൾ മറ്റ് രാജ്യങ്ങളിൽ സാധാരണമാവുകയാണ്. ഹിന്ദു സംസ്കാരത്തിന്റെ വിശ്വവ്യാപനത്തിന്റെ ഉദാഹരണങ്ങളാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർ.എസ്.എസ് പ്രാന്തസംഘചാലക് അഡ്വ. കെ.കെ ബലറാം ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു, ജൻമഭൂമി മുൻ പത്രാധിപരും, എഴുത്തുകാരനുമായ പി.നാരായണൻ, കുരുക്ഷേത്ര മാനേജിങ് ഡയറക്ടർ കാ. ഭാ സുരേന്ദ്രൻ, ചീഫ് എഡിറ്റർ ജി.അമൃതരാജ്, ഡയറക്ടർ ബോർഡ് അംഗം കെ ആർ ചന്ദ്രശേഖരൻ എന്നിവരും സംസാരിച്ചു.
സംഘത്തിന്റെ ദർശനവും പ്രവർത്തനവും വിശദീകരിക്കുന്ന എട്ട് ഗ്രന്ഥങ്ങളാണ് സംഘദർശനമാലിക എന്ന പേരിൽ ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത്. ഗുരുജി ഗോൾവൽക്കർ, ദത്തോപാന്ത് ഠേംഗ്ഡി, ദീനദയാൽ ഉപാദ്ധ്യായ, ബാലാസാഹബ് ദേവറസ്, മോഹൻ ഭാഗവത്, സുനിൽ അംബേക്കർ എന്നിവരുടെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
Discussion about this post