(നിലപാട്)
മനു എറണാകുളം
ലിംഗസമത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി മദ്രസകളിലെ ബാലപീഢനം സംബന്ധിച്ച് പ്രതികരിച്ച മാധ്യമപ്രവര്‍ത്തക വിപി റെജീനയുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചവര്‍ ഇനി സാമൂഹ്യ നീതിയും ആവിഷ്ക്കാര സ്വാതന്ത്ര്യവും പറഞ്ഞ് സോഷ്യല്‍ മീഡിയകളില്‍ അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ കടന്നുവരരുത്. ഒരു മതത്തിനും എതിരായിരുന്നില്ല ആ മാധ്യമപ്രവര്‍ത്തകയുടെ പ്രതികരണം. മതപാഠശ്ശാല അതും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ വരെ പറ്റി നടത്തുന്ന സ്ഥാപനങ്ങള്‍, അവയില്‍ ചിലതില്‍ നടക്കുന്ന ബാലപീഢനത്തെ കുറിച്ചായിരുന്നു റെജീനയുടെ പോസ്റ്റ്. അതു തന്റെ ജീവിതത്തില്‍ നേരിട്ട് കണ്ട അനുഭവങ്ങള്‍.മനസ്സ് മലീമസമായ ചില ദുര്‍ബലരുടെ ചെയ്തികള്‍, അതെങ്ങനെ ഒരു മതത്തിനെതിരായ പ്രചരണമാകും.?മതത്തിന് വേണ്ടി അവരെ നിങ്ങള്‍ പിന്തുണക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ മതവിരുദ്ധരാകുന്നത്.
ഒരു പാസ്റ്റര്‍ ഒരു പെണ്കുട്ടിയേയോ, ആണ്കുട്ടിയേയോ പീഡിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്നാല്‍ അത് അവരുടെ മതത്തിനെതിരെയുള്ള പ്രചരണമാകുമോ ? ഒരു സന്ന്യാസി എന്ന് പൊതു സമൂഹം വിശേഷിപ്പിക്കുന്ന ഒരാളുടേയോ, പൂജാരിയുടേയോ അനാശാസ്യം തുറന്ന് കാട്ടുന്നത് ആ മതത്തിനെതിരായ പ്രചരണമാകുമോ ? കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ സ്വാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന പ്രതികരണങ്ങള്‍ എന്തിന് ആ മതസമൂഹം എന്തിന് ഏറ്റെടുക്കണം. ചെവിയ്ക്ക് പിടിച്ച് പുറത്താക്കേണ്ട ചിലതിനെ പീഠം വച്ച് സ്വീകരിക്കുന്ന മതാന്ധതയെ പാപ്പരത്വം എന്നല്ലാതെ എന്ത് പേരിട്ടാണ് വിളിക്കുക.
ലിംഗസമത്വത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു റെജീനയുടെ പോസ്റ്റ്. ആ പോസ്റ്റിട്ടതിന്റെ പേരില്‍ അവരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ച മതയാഥാസ്ഥിതികരും, അവരെ പിന്തുണച്ചവരും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെ ഉയര്‍ത്തിയ വാള് ഇനിയും ഉറയിലിട്ടിട്ടില്ല. റെജീന അപവാദപ്രചരണം നടത്തുന്നുവെന്ന് പോസ്റ്റിട്ട മാന്യദേഹങ്ങള്‍ പുറത്തിറങ്ങി ഇത്തരം മതസ്ഥാപനങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് ആലോചിക്കണം. എത്ര പരാതികള്‍ സമുദായത്തിന് അപമാനമാകുമെന്ന് കരുതി ഒതുക്കി തീര്‍ത്തു എന്ന് കണ്ടെത്തണം. എന്നിട്ട് അത് തുറന്ന് പറഞ്ഞ റെജീന ചെയ്ത തെറ്റെന്തെന്ന് വ്യക്തമാക്കണം.
മദ്രസയിലെ ബാലപീഢനത്തെ കുറിച്ച് സ്വന്തം അനുഭവം പങ്കുവെക്കുകയായിരുന്നു റെജീന ചെയ്തത്. ‘കുട്ടിക്കാലത്ത് മദ്രസയില്‍ പഠിച്ചിരുന്ന അവസരത്തില്‍ നാല്‍പ്പത്ത് വയസോളം പ്രായമുണ്ടായിരുന്ന ഉസ്താദുമാര്‍ ആണ്‍കുട്ടികളെ തങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് വിളിപ്പിക്കാറുണ്ടെന്നായിരുന്നെന്നും പേരൊക്കെ ചോദിച്ച് കൊണ്ട് തൊട്ടുഴിഞ്ഞ് ഉസ്താദിന്റെ കൈ പോകുന്നത് കുട്ടികളുടെ മുന്ഭാഗത്തേക്കാണെന്നും ആണ്‍കുട്ടികളുടെ ട്രൗസറിന്റെ സിബ്ബ് നീക്കി പിടിച്ചുനോക്കുമായിരുന്നെന്നും റെജീന ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
ഇങ്ങനെ ക്ലാസിലെ അവസാനത്തെ ആണ്‍കുട്ടിയെയും തപ്പി നോക്കിയാണ് മൂപ്പര് നിര്‍ത്തിയതെന്നും കുറച്ച് കാലയളവില്‍ മാത്രമായിരുന്നു അയാള്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നതെങ്കിലും ഇതിനിടയില്‍ തന്നെ കുറെ ആണ് കുട്ടികള്‍ ആ മദ്രസയില്‍ നിന്ന് പേരും വെട്ടി പോയിരുന്നു.നാലാം ക്ലാസിലോ അഞ്ചാം ക്ലാസിലോ പഠിക്കുന്ന സമയത്ത് രാത്രി സമയങ്ങളിലായിരുന്നു മദ്രസ. പവര്‍കട്ട് സമയത്ത് ഉസ്താദ് ഇരിക്കുന്നിടത്ത് നിന്ന് എണീറ്റ് പതുക്കെ പെണ്‍കുട്ടികളുടെ ബെഞ്ചിന് നേരെ നടക്കും. കയ്യില്‍ വടിയുമായി റോന്ത് ചുറ്റും പെണ് കുട്ടികളുടെ പല ഭാഗത്തും ആ നേരം തോണ്ടലും വടി കൊണ്ട് കുത്തലും കിട്ടുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
പുതിയ ലിംഗസമത്വവാദം അരാജകത്വം സൃഷ്ടിക്കുമെന്നും അതുകൊണ്ട് സൂക്ഷിക്കണമെന്നും ചില ‘മതസമുദായ’ സംഘടനകളുടെ കണ്ടെത്തലുകള്‍ വായിച്ചപ്പോള്‍ അരാജകത്വമില്ലാത്ത എത്ര സുന്ദരമായ സമൂഹമാണ് കാലങ്ങളായി നമ്മുടേതെന്ന് വെറുതേ ഓര്‍ത്തു പോയി എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരുന്നത്.
ലിംഗ സമത്വത്തിനെതിരെ രംഗത്ത് വരുന്നവരുടെ കാപട്യം തുറന്ന് കാട്ടുകയായിരുന്നു റെജീന കുറിപ്പിലൂടെ ചെയ്തത്. അതും ഒരു വ്യക്തിയെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട്. സമൂഹത്തിന് മുന്നില്‍ വച്ച് ഗുരുതരമായ വിഷയമായിട്ടും ആരും അത് കാര്യമായി ഏറ്റെടുക്കുകയല്ല ചെയ്തത്. മറിച്ച് റെജീനയ്ക്കെതിരെ ഫേസ്ബുക്കില്‍ മതയാഥാസ്ഥിതിക ലോകം വിക്ഷേപിച്ച അസഭ്യവാക്കുകള്‍ എണ്ണിയെടുക്കുകയായിരുന്നു പല പുരോഗമന നാട്ട്്യക്കാരും. റെജീനയുടെ ഫേസ്ബുക്ക് പേജ് പൂട്ടിക്കുക വഴി ഒരു വിഭാഗം നേടിയ ‘വിജയം’ സമൂഹത്തിന് നേരെ ഉള്ള കൊഞ്ഞനം കുത്തലാണ്.
സോഷ്യല്‍ മാധ്യമങ്ങളിലൂടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും, അസഹിഷ്ണുത വാദത്തിനും കൊടി പിടിച്ചവരാണ് റെജീനയുടെ ഫേസ്ബുക്ക് വാളില്‍ തെറിയഭിഷേകം നടത്തിയതെന്നത് അവരുടെ കപടമുഖം വ്യക്തമാക്കുന്നു. രണ്ട് കാലും മണലില്‍ പൂത്തിവച്ച് സ്വന്തം മന്ത് മറച്ച് വെക്കുകയും, അതാ ഒരു കാലില്‍ മന്തുള്ളവന്‍ പോകുന്നു എന്ന് പരിഹസിക്കുകയും ചെയ്യുന്ന ഇക്കൂട്ടരില്‍ പലരും ഇപ്പോഴും സാമൂഹ്യനീതിയുടെ വക്താക്കളെന്ന ലേബല്‍ ഒട്ടിച്ച് നവമാധ്യമങ്ങളില്‍ വിലസുണ്ട്. അവരോട് ഒരപേക്ഷ നാണമുണ്ടെങ്കില്‍ ഇനി നിങ്ങള്‍ അസമത്വങ്ങളെ കുറിച്ചോ, ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ചോ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രസംഗിച്ച് കടന്നുവരരുത്.. നിങ്ങളുടേയൊക്കെ കപടമുഖം വലിച്ച് കീറാതെ ഇരിക്കാന്‍ മാത്രം സഹിഷ്ണുത ഉള്ളവരാണ് എല്ലാവരും എന്ന് കരുതുകയുമരുത്.
Discussion about this post