ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കത്തിച്ച കേസിന്റെ തുടരന്വേഷണം സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം മാത്രം മതിയെന്ന് രഹസ്യധാരണ. സിപിഎമ്മുകാരായ അഞ്ച് പ്രതികളും ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായി ജാമ്യമെടുത്ത് പുറത്തിറങ്ങിയശേഷം അന്വേഷണം ഏതാണ്ട് പൂര്‍ണമായി നിലച്ചിരിക്കുന്ന അവസ്ഥയിലാണ്.
അതേസമയം സ്മാരകം തകര്‍ത്ത കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് തന്നെ അന്വേഷണം നീണ്ടാല്‍ ഭവിഷ്യത്ത് അറിയേണ്ടി വരുമെന്ന് കേസന്വേഷണത്തിന്റെ തുടക്കത്തില്‍ അന്വേഷണ സംഘത്തലവനെ സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഭീഷണിപ്പെടുത്തിയിരുന്നതായും ആക്ഷേപമുണ്ട്. കലവൂര്‍ സ്വദേശി വേണുഗോപാലിനെ കൊന്ന കേസിലെ പ്രതിയായ ക്വട്ടേഷന്‍ സംഘാംഗമായ സിപിഎമ്മുകാരനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതും ഈ നേതാവായിരുന്നു. ഈ നേതാവിന്റെ ഇടപെടലോടെയാണ് ഉന്നതോദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തി കൃഷ്ണപിള്ള കേസ് അന്വേഷണം തുടക്കത്തില്‍ തന്നെ അട്ടിമറിച്ചതെന്നും ആരോപണമുണ്ട്.
സ്വന്തം പാര്ട്ടിക്കാര് തന്നെ സ്മാരകം കത്തിച്ച പി. കൃഷ്ണപിള്ളയുടെ നാമധേയമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നടക്കുന്ന ഹാളിന് നല്‍കിയിട്ടുള്ളത്. കേസിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോയിരുന്നെങ്കില്‍ കേന്ദ്ര കമ്മറ്റിയംഗം മുതല്‍ ജില്ലാക്കമ്മറ്റി അംഗം വരെയുള്ളവര്‍ ഇതിനകം ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വരുമായിരുന്നു.
Discussion about this post