ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും ,സാന്ദ്രാ തോമസും നിര്‍മ്മിച്ച് വെള്ളിത്തിരയിലെത്തിച്ച ഏറ്റവും പുതിയ ചിത്രമാണ് ആട്് ഒരു ഭീകരജീവിയാണ്. ഓംശാന്തി ഓശാന എന്ന ചിത്രത്തിലൂടെ രചയിതാവ് എന്ന പേരെടുത്ത മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ജയസൂര്യ, സൈജു കുറിപ്പ്, വിനായകന്‍, ചെമ്പന്‍ തുടങ്ങി വലിയ താരനിരയെ അണി നിരത്തിയ ചിത്രം പക്ഷേ ആ പൊലിമ പ്രമേയത്തില്‍ നിലനിര്‍ത്തുന്നില്ല.
ഹൈറേഞ്ചിന്റെ ഗ്രാമീണ പശ്ചാത്തലവും സാധാരണക്കാരായ കഥാപാത്രങ്ങളും കളര്‍ഫുള്ളായ പ്രകൃതിഭംഗിയും മാത്രം പോരാ സിനിമ വിജയിപ്പിക്കാന്‍ എന്നുള്ളതിന്റെ ഏറ്റവും പുതിയ ഉദാഹരണമാകുന്നു ഈ ചിത്രം. ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിന്റെ എന്‍ട്രിയും ആദ്യത്തെ വടംവലി രംഗങ്ങളും ആദ്യം പത്ത് മിനിട്ട് പ്രേക്ഷകനെ രസിപ്പിക്കുമെങ്കിലും പിന്നീട് അത് തുടരാന്‍ സിനിമയ്ക്ക് സാധിക്കുന്നില്ല.
വടം വലി വിജയിച്ചതിന്റെ സമ്മാനമായി കിട്ടുന്ന ആടാണ് ടൈറ്റിലില്‍ സൂചിപ്പിക്കുന്നത്. ഈ ആട് മൂലം ഷാജി പാപ്പന്റെയും കൂട്ടുകാരുടെയും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് കഥയ്ക്ക് ആധാരം. ഈ ആടുമായുള്ള യാത്രയിലുണ്ടാകുന്ന തമാശകളെല്ലാം കോപ്രായങ്ങളായാണ് പ്രേക്ഷകന് തോന്നുക.വിജയ് ബാബുവിന്റെ പോലീസ് കഥാപാത്രം സര്‍ബത്ത് ഷമീറും പ്രേക്ഷകനെ വെറുപ്പിക്കുന്നതില്‍ മത്സരിക്കുന്നു.വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, മായപ്പൊന്മാന്‍,വിസ്മയം , പോലുള്ള സിനിമകളില്‍ ജഗതി ശ്രീകുമാര്‍ ചെയ്ത പോലീസ് കഥാപാത്രങ്ങളുടെ ശൈലിയാണ് വിജയ് ബാബുവിന്റെ സര്‍ബത്ത് ബഷീറിനുള്ളത്. ഇതിനിടെയില്‍ എവിടെ നിന്നോ ഇല്ലാത്ത നീലക്കൊടുവേലി അന്വേഷിച്ചു വരുന്ന വിനായകന്‍ പ്രേക്ഷകനെ രസിപ്പിക്കും. ഒരു വിധം ആടും ,യാത്രയും, കള്ളും, വിനായകനുമൊക്കെ സിനിമയെ ഇടവേള വരെ കൊണ്ട് ചെന്നെത്തിക്കുന്നു.
ഇടവേളയ്ക്കു ശേഷം സിനിമ ഹൈറേഞ്ചിന്റെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാവായി പി.പി ശശിയാശാനായി ഇന്ദ്രന്‍സും സഹായിയായി ചെമ്പനും എത്തുന്നത് കഥ വലിച്ചു നീട്ടാനുള്ള അനാവശ്യ ട്വിസ്റ്റാകുന്നു. ന്യൂ ജനറേഷന്‍ സിനിമകളില്‍ പേരെടുത്ത എല്ലാ നടന്മാര്‍ക്കും ഓരോ സീന്‍ വെച്ച് സംവിധായകന്‍ നല്‍കിയിരിക്കുന്നു. അജു വര്‍ഗ്ഗീസ് , സലാം ബുഘവി ,സ്റ്റിജ ,സണ്ണി വെയ്ന്‍,രഞ്ജി പണിക്കര്‍ ,സ്വാതി എന്നിവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഒടുവില്‍ എവിടെയെല്ലാമോ തട്ടിത്തടഞ്ഞ് സിനിമയുടെ ക്ലൈമാക്‌സ് നീലക്കൊടുവേലിയില്‍ എത്തുന്നു. ഷാജിപ്പാപ്പനും അധോലോക നായകന്‍ വിനായകനും ,രാഷ്ട്രീയ നേതാക്കളായ ചെമ്പനും ഇന്ദ്രന്‍സും നീലക്കൊടുവേലിക്കായി തേരാപ്പാരാ ഓടുന്ന ക്ലൈമാക്‌സ് സീനുകള്‍ .പഴയ ‘മഴ പെയ്യുന്നു,മദ്ദളം കൊട്ടുന്നു, അക്കരെ അക്കരെ, നാടോടിക്കാറ്റ്, ‘ തുടങ്ങി എണ്ണിയാല്‍ ഓടുങ്ങാത്ത ചിത്രങ്ങളില്‍ പ്രേക്ഷകര്‍ കണ്ടു മടുത്തതു തന്നെയാണ്. ഒടുവില്‍ എല്ലാവരെയും പറ്റിച്ച് ആട് നീലക്കൊടുവേലി തിന്നുന്നത് കണ്ട് ഞെട്ടുന്ന അഭിനേതാക്കള്‍ക്കൊപ്പം പ്രക്ഷകനും അത്ഭുതപ്പെടും.ഇത് എന്തു പ്രപഞ്ചമാണ് ഭഗവാനെ കഴിഞ്ഞതെന്നോര്‍ത്ത് .
ഒരു പതിനഞ്ച് മിനിട്ട് ഷോര്‍ട്ട് ഫിലിമിനുള്ള കഥ വലിച്ച് നീട്ടി രസംകൊല്ലിയാക്കിയ രചയിതാവ് ‘ഓം ശാന്തി ഓശാന’യിലൂടെ തനിക്ക് ലഭിച്ച നല്ല തിരക്കഥാകൃത്ത് എന്ന പദവിക്ക് കളങ്കം വരുത്തുന്നു ഈ സിനിമയിലൂടെ . ഈയ്യോബിന്റെ പുസ്തകത്തിലെ ഗ്ലാമര്‍ വില്ലന്‍ വേഷം നല്ല നടനായ ജയസൂര്യ കഥാപാത്ര തിരഞ്ഞടുപ്പില്‍ ശ്രദ്ധ വെയ്ക്കുന്നില്ല എന്നതിന്റെ തുടര്‍ച്ചയായ നാലാമത്തെു ഉദാഹരണമാകുന്നു ഈ ചിത്രം. ലാല്‍ ബഹദൂര്‍ ശാസ്ത്രി, മത്തായി കുരുപ്പുകാരനല്ല, ആമയും മയലും എന്നിവയാണ് ആദ്യ മൂന്ന് സിനിമകള്‍.ഇനിയും തിരക്കഥ തിരഞ്ഞെടുപ്പില്‍ ജയസൂര്യ ശ്രദ്ധിച്ചില്ലെങ്കില്‍ തിയറ്ററില്‍ ജയസൂര്യയെ ശ്രദ്ധിക്കമോ വേണ്ടയെ എന്ന് പ്രേക്ഷകന് ഒരിക്കല്‍ കൂടി ആലോചിക്കേണ്ടി വരും.
പ്രമേയം കൊണ്ടും കഥാപാത്രം കൊണ്ടും ആട് നിലവാരത്തകര്‍ച്ച നേരിടുമ്പോള്‍ അല്‍പ്പം ആശ്വാസം നല്‍കുന്നത് വിഷ്ണു നാരായണന്റെ ക്യാമറയാണ്. മറ്റെല്ലാ മേഖലകളെക്കാളും രണ്ട് പടി മുന്നില്‍ നില്‍ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തട്ടുപൊളിപ്പനാണെങ്കിലും ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതവും ഗംഭീരം തന്നെ .
തിയേറ്ററില്‍ കേട്ടത്: ” പൊന്നു കൂട്ടുകാരാ..ആട് ഒരു വെറുപ്പിക്കല്‍ ജീവിയാണേ….കഥയില്ലെങ്കില്‍ സിനിമയെടുക്കാന്‍ പോകല്ലേ…..
Discussion about this post