വാട്സ്ആപ് ഗ്രൂപ്പ് ഉപയോഗിക്കുമ്പോള്‍ ഷെയര്‍ ചെയ്യുന്ന ഉള്ളടക്കങ്ങളില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ നിങ്ങള്‍ അറസ്റ്റിലായേക്കുമെന്ന് പോലിസിന്റെ മുന്നറിയിപ്പ്. യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനാണ് സൈബര്‍ സെല്‍ തീരുമാനം. ഇത്തരം കേസില്‍ ഇതിനോടകം മൂന്ന് പേരാണ് പിടിയിലായതെന്നും പോലിസ് പറയുന്നു.
നൂറോളം വാട്സ്ആപ് ഗ്രൂപ്പുകള്‍ക്കെതിരെ കേസെടുക്കാനായുള്ള തെളിവുകള്‍ സൈബര്‍ സെല്‍ ശേഖരിച്ചു കഴിഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രഫഷനലുകള്‍ വരെ ഇത്തരം ഗ്രൂപ്പില്‍ അംഗങ്ങളായതായി തെളിഞ്ഞിട്ടുണ്ട്. ഗ്രൂപ്പില്‍ വര്‍ഗീയവും അസഹിഷ്ണുതയുളവാക്കുന്നതുമായ സന്ദേശങ്ങള്‍ വന്നാല്‍ അതിന്റെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനും അത് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കും മാത്രമായിരിക്കില്ല. അത്തരത്തില്‍ സന്ദേശം കണ്ടാല്‍ ഗ്രൂപ്പില്‍ നിന്നും ഒഴിവായി പോലിസിനെ വിവരം അറിയിക്കേണ്ടതുമാണ്.
അപരിചിതരായ വ്യക്തികളുടെ വാട്സ്ആപ് ഗ്രൂപ്പില്‍ അംഗങ്ങളാകാതിരിക്കണമെന്നും ,പിടിക്കപ്പെട്ടാല്‍ പ്രാഥമിക നടപടി ഗ്രൂപ്പ് അഡ്മിനെതിരെയായിരിക്കുമെന്നും പോലിസ് പറയുന്നു. കേസില്‍ പിടിക്കപ്പെടുമ്പോള്‍ ഗ്രൂപ്പിന്റെ അഡ്മിന് താനല്ലെന്നും സന്ദേശം ഷെയര്‍ ചെയ്തത് താനല്ല എന്നുമുള്ള വാദഗതികള്‍ നിലനില്‍ക്കുന്നതല്ലെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇത്തരം സന്ദേശങ്ങളുള്ള ഗ്രൂപ്പുകളില്‍ അംഗങ്ങളാകുന്നത് ഐടി ആക്ട് പ്രകാരവും ഐപിസി പ്രകാരവും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള കുറ്റമാണ്. ഗ്രൂപ്പ് ഒഴിവാക്കിയതിനു ശേഷവും നിങ്ങളെ ആരെങ്കിലും മനപ്പൂര്‍വം ഗ്രൂപ്പിലേക്ക് ചേര്‍ക്കുകയാണെങ്കില്‍ അക്കാര്യം പോലീസിനെയോ സൈബര്‍ സെല്ലിനെയോ അറിയിക്കണമെന്നും ഡിവൈഎസ്പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫോണ്‍ : 9497976013
Discussion about this post