പത്തനംതിട്ട : ആലുവയിൽ അഞ്ചുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുൻപായി കേരളത്തിൽ വീണ്ടും മറ്റൊരു അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. ഇത്തവണ പത്തനംതിട്ട പെരുനാട്ടിലാണ് ഈ അത്യന്തം ക്രൂരമായ സംഭവം അരങ്ങേറിയിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുവായ 43 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തിലെ പ്രതിയായ ബന്ധുവിന്റെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ച ഉടൻതന്നെ പോലീസ് കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഈ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പരാതി ലഭിച്ചശേഷം കുട്ടിയുടെ മൊഴിയുടെയും വൈദ്യ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതിക്കെതിരായ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. പ്രതിക്കെതിരെ പോലീസ് പോക്സോ കേസടക്കം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Discussion about this post