മലപ്പുറം: ഗണപതി ഭഗവാനും ഹൈന്ദവ വിശ്വാസങ്ങളെല്ലാം മിത്താണെന്ന ഹിന്ദു വിരുദ്ധ പരാമർശത്തിൽ ഉറച്ച് സ്പീക്കർ എഎൻ ഷംസീർ. പരാമർശത്തിന്റെ പേരിൽ ചിലർ ഭിന്നിപ്പിന് ശ്രമിക്കുകയാണ്. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് മതവിശ്വാസത്തെ തള്ളിപ്പറയൽ അല്ലെന്നും ഷംസീർ പറഞ്ഞു. മലപ്പുറത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു എഎൻ ഷംസീർ.
ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് ഒരിക്കലും മതവിശ്വാസം തകർക്കാൻ അല്ല. തള്ളിപ്പറയലും അല്ല. ശാസ്ത്രത്തെ ബോധപൂർവ്വം നാം പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു. അതിനൊപ്പം മതനിരപേക്ഷവാദിയും ആയിരിക്കണം. എല്ലാ ജാതിയിലും മതത്തിലും പെട്ടവർക്ക് ഒന്നിച്ച് ഇരിക്കാൻ കഴിയണം. അവരുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ സാധിക്കണം. അതാണ് കേരളമെന്നും ഷംസീർ പറഞ്ഞു.
പള്ളിയിൽ നിന്നും വാങ്ക് വിളി കേൾക്കുമ്പോഴാണ് വിളക്ക് വയ്ക്കാനും സന്ധ്യാനാമം ജപിക്കാനും ഹിന്ദു വിശ്വാസികൾക്ക് ഓർമ്മ വരുന്നത്. അതാണ് കേരളം. നമുക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഒരു ശക്തിയും അനുവദിക്കില്ലെന്ന പ്രതിജ്ഞയാണ് ഓരോരുത്തരും നടത്തേണ്ടതെന്നും ഷംസീർ കൂട്ടിച്ചേർത്തു.
ഉത്തരേന്ത്യപോലെ നമ്മുടെ കേരളവും മാറണോ. മനുഷ്യനെ സ്‌നേഹിക്കുന്നവരാകണം നമ്മൾ. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ കാണുന്ന സംസ്‌കാരം ഉള്ള നാടാണ് നമ്മുടേത്. ആ പാരമ്പര്യം കാത്ത് സൂക്ഷിക്കണം. സഹാനുഭൂതിയുടെ സംസ്‌കാരമാണ് നമുക്ക് ഉണ്ടാകേണ്ടത്. ചരിത്രം വളച്ചൊടിയ്ക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post