ആലപ്പുഴ : സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി. ആലപ്പുഴ രാമങ്കരിയിലെ സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പീഡന പരാതി ഉയർന്നിരിക്കുന്നത്. വനിതാ പഞ്ചായത്തംഗമാണ് ഇദ്ദേഹത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
കഴിഞ്ഞ ഒക്ടോബറിൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒക്ടോബറിൽ തന്നെ ഇവർ പാർട്ടിതലത്തിൽ ലോക്കൽ കമ്മിറ്റിക്കും തുടർന്ന് സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. എന്നാൽ നടപടികളൊന്നും ഉണ്ടായില്ല. പരാതി നൽകി രണ്ടുമാസത്തിനുശേഷം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മൊഴിയെടുത്തു എന്നതൊഴിച്ചാൽ പാർട്ടി തലത്തിൽ മറ്റു നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ല എന്നാണ് പരാതിക്കാരി ആരോപണമുന്നയിക്കുന്നത്.
വനിതാ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ നടപടി എടുത്തില്ല എന്ന് മാത്രമല്ല പരാതി നൽകപ്പെടുന്ന സമയത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കുറ്റാരോപിതനെ പാർട്ടി പിന്നീട് ഏരിയ കമ്മിറ്റി അംഗമായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. പാർട്ടി ഇയാളെ സംരക്ഷിക്കുന്നതായി തോന്നിയതിനാലാണ് പരാതിക്കാരി പോലീസിൽ പരാതി നൽകുന്നത്.
വ്യാഴാഴ്ചയാണ് വനിതാ പഞ്ചായത്ത് അംഗം പരാതിയുമായി സ്റ്റേഷനിൽ എത്തിയിരുന്നതെങ്കിലും വനിതാ പോലീസ് ഇല്ലാത്തതിനാൽ മൊഴിയെടുക്കൽ അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു.
Discussion about this post