ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി ആരോപണത്തെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവന പുറത്തിറക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. വീണ വിജയന്റെ കമ്പനി സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ആരോപണം വന്നപ്പോള്‍ പാര്‍ട്ടിയുമായി അതിന് ബന്ധമില്ലെന്നായിരുന്നു വിശദീകരണം. എന്നാല്‍ വീണയുടെ കമ്പനിക്കെതിരെ കണ്ടെത്തല്‍ ഉണ്ടായപ്പോള്‍ സിപിഎമ്മിന്റെ സ്വന്തം കമ്പനിയെന്നത് പോലെയാണ് വിശദീകരണം.പിണറായി വിജയന്റെ മകളെ എന്നാണ് സംസ്ഥാന സമിതിയില്‍ എടുത്തത് എന്നും കേന്ദ്രമന്ത്രി ചോദിച്ചു. നികുതി വെട്ടിപ്പില്‍ പിഴയടച്ച കമ്പനിയെ വെളുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വേട്ടയാടാനാണ് മാസപ്പടി വിവാദം കൊണ്ടുവന്നതെന്ന ആക്ഷേപം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ജൂണ്‍ മാസം 12നാണ് ആദായനികുതി വകുപ്പിന്റെ ഉത്തരവ് വന്നത്. കരിമണല്‍ കമ്പനിക്ക് സേവനം നല്കിയതിനല്ല മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി കിട്ടിയത്. അതേസമയം, വീണയുടെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസ്, തിരഞ്ഞെടുപ്പില്‍ ഭാര്യയുടെ ഈ വരുമാനം വെളിപ്പെടുത്തിയിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വീണയുടെ മാസപ്പടി വിഷയം നിയമസഭയില്‍ അവതരിപ്പിക്കാത്ത പ്രതിപക്ഷത്തിന്റെ വിശദീകരണം പരിഹാസ്യമാണ്. ജനങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടപ്പെട്ടു. കേന്ദ്ര ഏജന്‍സി വീണക്കെതിരെ അന്വേഷണം തുടങ്ങിയാല്‍ കോണ്‍ഗ്രസ് ‘കേന്ദ്രവേട്ടയാടല്’ എന്നു പറഞ്ഞ് എതിര്‍ക്കുമോ എന്നും കേന്ദ്രമന്ത്രിചോദിച്ചു.
Discussion about this post