ഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ വലയുന്ന ഡല്‍ഹിയില്‍ സര്‍ക്കാര്‍ തല പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതലസ്ഥാനത്ത് എം.പിമാര്‍ക്ക് സഞ്ചരിക്കാനായി രണ്ട് ഇലക്ട്രിക് ബസുകള്‍ സമ്മാനിച്ചാണ് പ്രധാനമന്ത്രിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ മലിനീകരണം കുറയ്ക്കാനുദ്ദേശിക്കുന്നത്. ഡിസംബര്‍ 21ന് പ്രധാനമന്ത്രി ലോകസഭാ സ്പീക്കര്‍ സുമിത്ര മഹാജന് ബസുകള്‍ സമര്‍പ്പിക്കുമെന്ന് ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
ഐ.എസ്.ആര്.ഒ സാറ്റലൈറ്റുകളുടെ പ്രക്ഷേപണത്തിനുപയോഗിക്കുന്ന ലിഥിയം കണങ്ങള്‍ തന്നെയാണ് ഇത്തരം ബസുകളിലും ഉപയോഗിക്കുന്നത്. ഇറക്കുമതി ചെയ്താല്‍ 55 ലക്ഷത്തോളം ചെലവ് വരുന്ന ബാറ്ററികള്‍ തദ്ദേശീയമായി വെറും അഞ്ച് ലക്ഷം രൂപയ്ക്കാണ് നിര്‍മ്മിച്ചത്.
ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞരും മന്ത്രാലയവും മറ്റ് വകുപ്പുകളും ചേര്‍ന്നാണ് ഈ ബസുകള്‍ നിര്‍മ്മിച്ചത്. പേറ്റന്റ് രജിസ്ട്രേഷന് കഴിഞ്ഞ ബസുകള്‍ വൈകാതെ പൊതുആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തും. ആദ്യഘട്ട പദ്ധതിയായി 15 ബസുകള്‍ ഡല്‍ഹി നിരത്തില്‍ ഇറക്കുകയാണ് ലക്ഷ്യമെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.
ഡല്‍ഹിയില്‍ മാത്രമല്ല ഇന്ത്യയിലാകമാനം മലിനീകരണ തോത് കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്ത് ഡീസലിലോടുന്ന 1.5 ലക്ഷം ബസുകള്‍ ഇലക്ട്രിക്കിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. മലിനജലത്തില്‍ നിന്ന് മീഥൈന്‍ ഉത്പാദിപ്പിച്ച് ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും വലിയ ആശങ്കകളിലൊന്നായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളെ സംബന്ധിച്ച പ്രശ്നങ്ങളെ വൈകാതെ ഇല്ലാതാക്കുമെന്നും ഗഡ്കരി പറഞ്ഞു.
Discussion about this post