നാദാപുരം ഉയര്‍ത്തുന്ന ഗൗരവ ചോദ്യങ്ങള്‍ എന്ന പേരില്‍ എഴുത്തുകാരനും മാധ്യമം ഡപ്യൂട്ടി എഡിറ്ററുമായ കാസിം ഇരിക്കൂര്‍ എഴുതിയ ലേഖനത്തിലാണ് സിപിഎം പ്രവര്‍ത്തകനായ ഷിബിന്‍ ഇരിക്കൂറിന് നഷ്ടപരിഹാരം നല്കിയ നടപടിയെ ശക്തമായി വിമര്‍ശിക്കുന്നത്.
രാഷ്ട്രീയ കൊലപാതകത്തിന് പഞ്ഞമില്ലാത്ത നാട്ടില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നഷ്ടപരിഹാരം നല്കുന്ന കീഴ്വഴ്ക്കമില്ലെന്നും, കൊലയാളിയെ നിമത്തിന് മുന്നില്‍ കൊണ്ട് വന്ന് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുകയാണ് ഭരണകൂടത്തിന്റെ കടമയെന്നും ലേഖനം പറയുന്നു. ജീവിത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട നൂറ് കണക്കിന് ഹൃദയങ്ങളെ കൊഞ്ഞനം കാട്ടിക്കൊണ്ട് ഷിബിന്റെ ജീവന് 25 ലക്ഷം രൂപ വിലയിട്ടത് എന്ത് പറഞ്ഞാണ് ന്യായീകരിക്കാന്‍ പോകുന്നതെന്നും ലേഖനം ചോദിക്കുന്നു.
നേരത്തെ മാറാട് 2003 മെയ് രണ്ടിന് എട്ട് പേര് കൊല്ലപ്പെട്ട കലാപത്തിലെ ഇരകള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയതാണ് ഇതിന് മുന്‍പ് ഇത്തരത്തിലുണ്ടായ നടപടി. അന്ന് ഹിന്ദു ഐക്യമുന്നണി ആഹ്ലാദം കൊണ്ടു. അതിനേക്കാള്‍ വലിയ നേട്ടമാണ് സിപിഎം നാദാപുരത്ത് കൊയ്തതെന്നും കാസിം ഇരിക്കൂര്‍ പറയുന്നു.
ഷിബിന്‍ ചെക്ക് കൈമാറിയതോടെ കൊലയ്ക്ക് ഉത്തരവാദികള്‍ തങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വയം സമ്മതിക്കുകയായിരുന്നുവെന്നും, ഇത് വഴി അരിക്കൂര് ഷുക്കൂര്‍ എന്ന യൂത്ത്ലീഗ് നേതാവിന്റെ ആത്മാവിനോട് പാര്‍ട്ടി നേതാക്കള്‍ കൊടും വഞ്ചന കാട്ടിയിരിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. നാദാപുരത്തെ അക്രമ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തെന്നും, പൊട്ടിയ ജനല്‍ചില്ലുകളും കത്തിച്ചാമ്പലാക്കിയ വീടുകളും കാണാന്‍ ശേഷിയില്ലാത്ത നിക്കോണ്‍ ക്യാമറകളാണോ നമ്മുടെ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ കൊണ്ട് നടക്കുന്നതെന്ന് സംശയിച്ചുപോകുന്നുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
സാമൂഹ്യവിരുദ്ധരുടെ മുഖം മൂടിയണിഞ്ഞെത്തിയ രാഷ്ട്രീയ കശ്മലമാര്ക്ക് ഇമ്മട്ടില്‍ അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത് പോലിസ് നിഷ്ക്രിയത്വം മൂലമാണെന്നും, ലേഖനം കുറ്റപ്പെടുത്തുന്നു.
അതേസമയം കാസിം ഇരിക്കൂറിന്റെ മാധ്യമത്തിലെ ലേഖനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരന്നുണ്ട്. വര്‍ഗ്ഗീയ കലാപത്തിലേക്ക് വഴിമാറിയേക്കാവുന്ന നദാപുരം കലാപത്തെ രാഷ്ട്രീയമായി ഒതുക്കി തീര്‍ക്കാനായത് മാധ്യമങ്ങളുടെ സമയോചിതമായ റിപ്പോര്‍ട്ടിംഗ് രീതി കൊണ്ടാണെന്നാണ് ചിലരുടെ വിലയിരുത്തല്‍, വലിയ തോതിലുള്ള കലാപത്തെ ഒഴിവാക്കാന്‍ പോലിസ് ഇടപെടല്‍ കൊണ്ട് കഴിഞ്ഞുവെന്നും ചിലര്‍ പറയുന്നു.
Discussion about this post