ഡല്‍ഹി: ബിജെപി കേരള ഘടകം പ്രസിഡണ്ടായി ആര്‍എസ്എസ് പ്രചാരകനും, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരനെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും. പ്രഖ്യാപനം നാളെ തന്നെ ഉണ്ടാകുമെന്നാണ് സൂചനകള്‍. കുമ്മനത്തെ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ടാക്കാതിരിക്കാനുള്ള കെജിഎസ് കമ്പനിയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നതും ശ്രദ്ധേയമായി.
നേരത്തെ തന്നെ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ആറന്മുള വിമാനത്താവള നിര്‍മ്മാണ കമ്പനിയായ കെജിഎസ് ഗ്രൂപ്പ് ചരട് വലികള്‍ നടത്തിയിരുന്നു. മറ്റ് പലരുടേയും പേരുകള്‍ വാര്‍ത്താ മാധ്യമങ്ങലിലൂടെയും മറ്റും ഉയര്‍ത്തി കൊണ്ട് വരാനും, ആശയകുഴപ്പമുണ്ടെന്ന ധാരണ പരത്താനും ശ്രമം നടന്നു. എന്നാല്‍ ബിജെപി കേരളത്തില്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ കറ കളഞ്ഞ ആദര്‍ശനിഷ്ഠനായ കുമ്മനത്തെ നേതൃത്വം ഏല്പിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുകയായിരുന്നു.
സംഘപരിവാറിലെ ജനകീയ മുഖമായ കുമ്മനം രാജശേഖരന് ആറന്മുള വിമാനത്താവളത്തിനെതിരായുള്ള സമരത്തിനും, നിയമപോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കുക വഴി വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കെജിഎസ് കമ്പനിയുടെ പദ്ധതി ഏത് വിധേനയും നടപ്പാക്കുമെന്ന തീരുമാനം, കുമ്മനത്തിന്റെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ മുട്ട് മടക്കി. സര്‍ക്കാര്‍ സംവിധാനങ്ങളെയും, ഉദ്യോഗസ്ഥരെയും വിലക്കെടുത്തുള്ള കെജിഎസ് ഗ്രൂപ്പിന്റെ നീക്കങ്ങള്‍ തകര്‍ക്കാനുള്ള ജനകീയ സമരത്തിന് പിന്നിലുള്ള ഊര്‍ജ്ജം കുമ്മനമായിരുന്നു. ആദര്‍ശനിഷ്ഠയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന, പൊതു സമ്മതനായ കുമ്മനം നേതൃത്വത്തിലെത്തുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
വിഭാഗീയത അലട്ടിയിരുന്ന ബിജെപി കേരള ഘടകത്തെ അതില്‍ നിന്ന് വിമുക്തമാക്കണമെന്ന ശക്തമായ നിലപാട് ആര്‍എസ്എസ് കേരള ഘടകം മുന്നോട്ട് വച്ചിരുന്നു. കുമ്മനത്തെ പോലുള്ള സ്വയം സേവകന് പാര്‍ട്ടി തലപ്പെത്തുന്നതോടെ ബിജെപിയില്‍ ഐക്യം തിരികെ കൊണ്ടുവരാനാവുമെന്നും അവര്‍ കണക്ക് കൂട്ടി. പുതിയ നേതൃത്വം എന്ന ആശയം മുന്നോട്ട് വച്ച് ആര്‍എസ്എസ് കുമ്മനത്തെ പ്രസിഡണ്ടാക്കാനുള്ള നീക്കത്തിന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.. കേരളത്തില്‍ നിന്നുള്ള സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും കുമ്മനത്തിന് അനുകൂലമായി.
എസ്എന്‍ഡിപി-എന്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് കുമ്മനം. വിപുലമായ സൗഹൃദ് വലയവും അദ്ദേഹത്തിനുണ്ട്. മോദിയുമായി അടുത്ത ബന്ധപുലര്‍ത്തുന്ന കുമ്മനം പാര്‍ട്ടി തലപ്പെത്തുന്നത് വലിയ ഗുണമാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെയും വിലയിരുത്തല്‍. ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതില്‍ കുമ്മനത്തിനുള്ള മികവ് ഉപയോഗപ്പെടുത്തുന്നതിനൊപ്പം, കേരളത്തില്‍ വെള്ളാപ്പള്ളി നേതൃത്വം നല്കുന്ന ബിഡിജെഎസുമായി സഖ്യമുണ്ടാക്കുമ്പോള്‍ ബിജെപിയുടെ തലപ്പത്ത് ശക്തനായ ഒരു നേതാവ് തന്നെ വേണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം മോദിയുമായി താജ് ഹോട്ടലില്‍ കുമ്മനം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതിന് കുമ്മനത്തെ ഡല്‍ഹിയക്ക് വിളിപ്പിച്ചു.
നാളെ നടക്കുന്ന ബിജെപി കോര്‍ കമ്മറ്റിയ്ക്ക് ശേഷം പുതിയ സംസ്ഥാന പ്രസിഡണ്ടിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ബംഗാള്‍ ഘടകം പ്രസിഡണ്ട് പ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാകും
Discussion about this post