ഡല്‍ഹി: ബിജെപി കേരള ഘടകം പ്രസിഡണ്ടായി ആര്‍എസ്എസ് പ്രചാരകനും, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരനെ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു.ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തില്‍ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനായി തീരുമാനിച്ചിരുന്നു. പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയും ചെയ്തു. ഇന്ന് വൈകിട്ട് കുമ്മനം തിരുവന്തപുരത്തെ ബിജെപി സംസ്ഥാന ഓഫിസിലെത്തി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.
നിലവിലെ സംസ്ഥാന പ്രസിഡണ്ട് വി മുരളീധരനെ തെരഞ്ഞെടുപ്പ് സമിതി കണ്‍വീനറായി നിശ്ചയിച്ചു. വാര്‍ത്താകുറിപ്പിലാണ് അമിത് ഷാ പ്രഖ്യാപനം അറിയിച്ചത്.
.
സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം തുടക്കത്തില്‍ ആര് ബാലശങ്കറിനെ അധ്യക്ഷനാക്കണമെന്ന് വാദിച്ചുവെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് സമവായത്തിലെത്തുകയായിരുന്നു. കുമ്മനം രാജശേഖരനെ ആര്‍എസ്എസ് പിന്തുണച്ചതോടെയാണ് സമവായത്തിന് കളമൊരുങ്ങിയത്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേരളത്തിലെ നേതൃമാറ്റം അണികളില്‍ വലിയ ഉണര്‍വ്വുണ്ടാക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. ബിജെപി കേരളത്തില്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ കറ കളഞ്ഞ ആദര്‍ശനിഷ്ഠനായ കുമ്മനത്തെ നേതൃത്വം ഏല്പിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.
സംഘപരിവാറിലെ ജനകീയ മുഖമായ കുമ്മനം രാജശേഖരന് ആറന്മുള വിമാനത്താവളത്തിനെതിരായുള്ള സമരത്തിനും, നിയമപോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കുക വഴി വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കെജിഎസ് കമ്പനിയുടെ പദ്ധതി ഏത് വിധേനയും നടപ്പാക്കുമെന്ന തീരുമാനം, കുമ്മനത്തിന്റെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ മുട്ട് മടക്കി. സര്‍ക്കാര്‍ സംവിധാനങ്ങളെയും, ഉദ്യോഗസ്ഥരെയും വിലക്കെടുത്തുള്ള കെജിഎസ് ഗ്രൂപ്പിന്റെ നീക്കങ്ങള്‍ തകര്‍ക്കാനുള്ള ജനകീയ സമരത്തിന് പിന്നിലുള്ള ഊര്‍ജ്ജം കുമ്മനമായിരുന്നു. ആദര്‍ശനിഷ്ഠയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന, പൊതു സമ്മതനായ കുമ്മനം നേതൃത്വത്തിലെത്തുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. സംഘപരിവാര്‍ സംഘടനയുടെ വലിയ പിന്തുണയും കുമ്മനത്തിനുണ്ട്.
വിഭാഗീയത അലട്ടിയിരുന്ന ബിജെപി കേരള ഘടകത്തെ അതില്‍ നിന്ന് വിമുക്തമാക്കണമെന്ന ശക്തമായ നിലപാട് ആര്‍എസ്എസ് കേരള ഘടകം മുന്നോട്ട് വച്ചിരുന്നു. കുമ്മനത്തെ പോലുള്ള സ്വയം സേവകന് പാര്‍ട്ടി തലപ്പെത്തുന്നതോടെ ബിജെപിയില്‍ ഐക്യം തിരികെ കൊണ്ടുവരാനാവുമെന്നും അവര്‍ കണക്ക് കൂട്ടി. പുതിയ നേതൃത്വം എന്ന ആശയം മുന്നോട്ട് വച്ച് ആര്‍എസ്എസ് കുമ്മനത്തെ പ്രസിഡണ്ടാക്കാനുള്ള നീക്കത്തിന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.
എസ്എന്‍ഡിപി-എന്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് കുമ്മനം. വിപുലമായ സൗഹൃദ് വലയവും അദ്ദേഹത്തിനുണ്ട്. മോദിയുമായി അടുത്ത ബന്ധപുലര്‍ത്തുന്ന കുമ്മനം പാര്‍ട്ടി തലപ്പെത്തുന്നത് വലിയ ഗുണമാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെയും വിലയിരുത്തല്‍. ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതില്‍ കുമ്മനത്തിനുള്ള മികവ് ഉപയോഗപ്പെടുത്തുന്നതിനൊപ്പം, കേരളത്തില്‍ വെള്ളാപ്പള്ളി നേതൃത്വം നല്കുന്ന ബിഡിജെഎസുമായി സഖ്യമുണ്ടാക്കുമ്പോള്‍ ബിജെപിയുടെ തലപ്പത്ത് ശക്തനായ ഒരു നേതാവ് തന്നെ വേണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
കുമ്മനം രാജശേഖരനെ കുറിച്ച് അറിയേണ്ട പത്ത് കാര്യങ്ങള്‍
Discussion about this post