ഡല്‍ഹി: ആര്‍എസ്എസ് നേതാവും, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ കുമ്മനം രാജശേഖരനെ ഇന്ന് ബിജെപി കേരള ഘടകം പ്രസിഡണ്ടായി പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ ബിജെപി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷാ ആണ് പ്രഖ്യാപനം നടത്തുക. പ്രഖ്യാപനം രാവിലെ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഉച്ചയോടെ തിരുവനന്തപുരത്തെത്തുന്ന കുമ്മനം വൈകിട്ട് ബിജെപി അധ്യക്ഷനായി ചുമതലയേല്‍ക്കും.
ബുധനാഴ്ച നടന്ന സംസ്ഥാന നേതാക്കള്‍ അടങ്ങിയ കോര്‍ കമ്മറ്റി യോഗം കുമ്മനത്തെ സംസ്ഥാന പ്രസിഡണ്ടായി തീരുമാനിച്ചിരുന്നു. പ്രഖ്യാപനം അമിത് ഷായ്ക്ക് വിടുകയായിരുന്നു. മിനിഞ്ഞാന്ന് കോര്‍ കമ്മറ്റിയ്ക്ക് ശേഷം ഇന്നലെയും ഡല്‍ഹിയില്‍ തങ്ങിയ കുമ്മനം ബിജെപി ആര്‍എസ്എസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും കേരള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ആര്‍എസ്എസ് കേരള ഘടകത്തിന്റെ വലിയ പിന്തുണയോടെയാണ് കുമ്മനം സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പിന് ബിജെപിയെ നയിക്കുന്നതുള്പ്പടെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായി.
ആര്‍എസ്എസിന്റെ കീഴില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുക എന്ന ദൗത്യമാണ് കുമ്മനത്തിന് തുടക്കത്തില്‍ ഉള്ളത്. ഇതിനായുള്ള വ്യക്തമായ പദ്ധതി കേന്ദ്രനേതൃത്വം തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ട്.
ബിജെപി കേരള ഘടകത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയത ഒരു തരത്തിലും തലപൊക്കാത്ത തരത്തിലുള്ള ക്രിയാത്മ പദ്ധതികളായിരിക്കും ബിജെപി പുതിയ അധ്യക്ഷന്‍ കീഴില്‍ കേരളത്തില്‍ നടപ്പാക്കുക. മുതിര്‍ന്ന നേതാവായ കുമ്മനം സംസ്ഥാന പ്രസിഡണ്ടാകുന്നതോടെ വിഭാഗീയത അവസാനിക്കുമെന്ന പ്രതീക്ഷ നേതൃത്വത്തിനും അണികള്‍ക്കും ഉണ്ട്.
ഹിന്ദുസമുദായ സംഘടനകളുമായി അടുത്ത ബന്ധമുള്ള കുമ്മനം ഇടഞ്ഞ് നില്ക്കുന്ന എന്‍എസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കുന്നതുള്പ്പടെയുള്ള കാര്യങ്ങളുലായിരിക്കും തുടക്കത്തില്‍ ശ്രദ്ധ ചെലുത്തുക. സംസ്ഥാന ഘകത്തിലെ വിഭാഗീയത മുതലെടുക്കാനുള്ള നീക്കങ്ങള്‍ക്ക് തടയിടാനും, എല്ലാ തരത്തിലുള്ള ഐക്യം നിലനിര്‍ത്താനും കുമ്മനത്തിന് കഴിയുമെന്നത് ബിജെപി പ്രവര്‍ത്തകര്‍ക്കും വലിയ ഉണര്‍വ്വ് പകരും.
Discussion about this post