ഫേസ്ബുക്കിന്റെ വിവാദമായ റിയല്‍ നെയിം പോളിസി കാര്യമായ പരിഷ്കാരങ്ങള്‍ക്ക് വിധേയമാകുന്നു. ഐഡന്റിറ്റി വെരിഫിക്കേഷന് വിധേയമാകുമ്പോള്‍ ഇനിമുതല്‍ വ്യക്തികള്‍ക്ക് എന്തെങ്കിലും പ്രത്യേകമായ സാഹചര്യങ്ങള്‍ ഫേസ്ബുക്കിന് മുന്പില് വിശദീകരിക്കാന്‍ ഉണ്ടെങ്കില്‍ അതിനുള്ള അവസരം നല്‍കും. പുതിയ ഓപ്ഷന് ഉപയോഗിക്കുന്നവരുടെ പ്രൊഫൈലുകള്‍ ഫ്ലാഗ് ചെയ്യുകയും ഫേസ്്ബുക്ക് അതിന്മേല് അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
പല കാരണങ്ങള്‍ കൊണ്ട് സ്വന്തം പേര് ഫേസ്സ്ബുക്ക് പ്രൊഫൈലില്‍ ഉപയോഗിക്കാന്‍ കഴിയാത്തതവരുടെ പ്രൊഫൈലുകള്‍ക്ക് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന രീതി വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പലപ്പോഴും കൂട്ടമായിട്ടുള്ള റിപ്പോര്‍ട്ടിങ്ങും മറ്റുമാണ് പലരുടെയും പ്രൊഫൈലുകള്‍ പൂട്ടിക്കുന്നതിനു കാരണമായിരുന്നത്.
എന്നാല്‍ ഇനി മുതല്‍ ഒരാളുടെ പ്രൊഫൈല്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്താല്‍ അതിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുന്ന ആള് ഫേസ്്ബുക്കിനു നല്‍കേണ്ടി വരും. നേരത്തെ ആര്‍ക്കും എളുപ്പത്തില്‍ ഒരാളുടെ പ്രൊഫൈല്‍ കാരണം വിശദീകരിക്കാതെ ഫെയ്ക്ക് എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമായിരുന്നു.
വ്യക്തികള്‍ക്ക് കൂടുതല്‍ സുരക്ഷയും ഇടപെടലുകളില്‍ കൂടുതല്‍ ആത്മവിശ്വാസം നല്കുന്നതിനുമാണ് ഫേസ്ബുക്ക് നെയിം പോളിസി എന്ന് കമ്പനി വ്യക്തമാക്കുന്നു. സൈബര്‍ അതിക്രമങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം ഇതിലൂടെ സാധിച്ചേക്കും.
ഇതുവരെയുള്ള റിയല്‍ നെയിം പോളിസി ഫേസ്ബുക്കിനു ഒട്ടനേകം തലവേദനകള്‍ സമ്മാനിച്ചിരുന്നു. ട്രാന്സ്ജെന്റര് സമൂഹങ്ങളില്‍ നിന്നും മറ്റും ശക്തമായ എതിര്‍പ്പുകള്‍ ലോകം എങ്ങും ഉണ്ടായിരുന്നു. നിയമപരമായ രേഖകളില്‍ കാണിച്ചിരിക്കുന്ന പേരുകള്‍ ഉപയോഗിക്കാന്‍ താല്പര്യമില്ലാത്തവര്ക്ക് മറ്റു പോംവഴികള്‍ ഇല്ലായിരുന്നു.
Discussion about this post