കുന്നത്തൂര്‍: അടൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ശൂരനാട് സ്വദേശിനിയായ ഇരയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക കേരളത്തിന് യോജിക്കാത്ത സംഭവമാണ് ഇവിടെ നടന്നതെന്നും സാംസ്കാരിക, രാഷ്ട്രീയ നായകന്മാര് ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്ര ക്രൂരമായ പീഡനം നടന്നിട്ടും തുടക്കത്തില്‍തന്നെ നടപടി സ്വീകരിക്കാതെ അധികാരികള്‍ കാണിച്ച നിസംഗത പ്രതികളുടെ ഉന്നതബന്ധത്തിന് തെളിവാണ്. തുടക്കത്തില്‍ സംഭവം മൂടിവയ്ക്കാനുള്ള ശ്രമവും അതിന് പിന്നിലെ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണം. പീഡനത്തിന് ഇരയായവരെ സന്ദര്‍ശിക്കാന്‍ സ്ഥലം എംപിക്കോ എംഎല്‍എക്കോ ഇതുവരെ സാധിച്ചിട്ടില്ല- അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെങ്കില്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയങ്ങളെ ഇക്കാര്യത്തില്‍ ബിജെപി മുന്‍കൈയെടുത്ത് ഇടപെടുത്തും. പീഡനത്തിന് ഇരയായ കുടുംബത്തെ പോലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും സമൂഹം ഒറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഈ കുടുംബത്തിന് മനുഷ്യത്വപരമായ പിന്തുണയാണ് വേണ്ടത്. ബിജെപി ഈ കുടുംബത്തിന് വേണ്ട എല്ലാസഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങളുടെ പേരില്‍ ലോകസഭ സ്തംഭിപ്പിക്കുന്നവര്‍ ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കുന്നതിലൂടെ അവരുടെ ദളിത്-പിന്നാക്ക സ്നേഹം കപടമാണെന്ന് തെളിയുന്നു.
ദളിത് വിഭാഗത്തില്‍പ്പെട്ട വിഷയമായിട്ടും കൊടിക്കുന്നില്‍ സുരേഷ് എംപി ഈ സംഭവം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇതുവരെ ശ്രമിച്ചില്ല. പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.
ബി.ജെ.പി നേതാക്കള്‍ക്കൊപ്പമാണ് കുമ്മനം ശൂരനാട് വടക്ക് കണ്ണുവത്തുള്ള കുടുംബത്തെ സന്ദര്‍ശിച്ചത്. മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടിയെ വിട്ടുനല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.
Discussion about this post