വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് നിര്‍മ്മാണ പദ്ധതിയുമായി ഐ.എസ്.ആര്.ഒ. ചെലവ് കുറച്ച് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുന്നതില്‍ വലിയ നേട്ടം കൈവരിച്ച ഐഎസ്ആര്‍ഒ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് നിര്‍മ്മാണ പദ്ധതിയും വിജയിപ്പിക്കാന്‍ തയാറെടുക്കുകയാണ്.
വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കി കഴിഞ്ഞ ദിവസം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ്. എന്നാല്‍ ഇത്തരമൊരു പദ്ധതി ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ നേരത്തെ തുടങ്ങിയതാണ്. റീയൂസബിള്‍ റോക്കറ്റിന്റെ നിരവധി പരീക്ഷണങ്ങളും ഐഎസ്ആര്‍ഒ നടത്തിയിട്ടുണ്ട്.
ഐ.എസ്.ആര്.ഒയുടെ പദ്ധതി വിജയിച്ചാല്‍ ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ രംഗത്തെ ചരിത്രസംഭവമായിരിക്കും അത്. വിങ്ഡ് റീയൂസബിള്‍ ലോഞ്ച് വെയ്ക്കിള്‍ ടെക്നോളജി ഡെമോന്‍സ്ട്രേറ്റര്‍ (ആര്‍എല്‍വി-ടിഡി) ന്റെ ഔദ്യോഗിക പരീക്ഷണം ഉടനെ നടക്കുമെന്നാണ് വിവരം.
ഐആര്‍എന്‍എസ്എസ് പദ്ധതിയിലെ നാലാമത്തെ ഉപഗ്രഹം അടുത്ത വര്‍ഷം വിക്ഷേപിക്കും. ഈ സമയത്ത് തന്നെ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷിക്കാനും ഐഎസ്ഐഒ നീക്കം നടത്തുന്നുണ്ട്. ബഹിരാകാശത്തേക്ക് തിരിക്കുന്ന റോക്കറ്റ് തിരിച്ച് ഭൂമിയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വന്നിറങ്ങുന്ന രീതിയിലായിരിക്കും ആസൂത്രണം ചെയ്യുകയെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയ്ക്ക് പോലും സാധിക്കാത്ത നേട്ടമാണ് എലന്‍ മുസ്കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സാങ്കേതിക വിദഗ്ധര്‍ കഴിഞ്ഞ ദിവസം കൈവരിച്ചത്. 11 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് തിരിച്ച ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റ് സുരക്ഷിതമായാണ് ഭൂമിയില്‍ തിരിച്ചിറങ്ങിയത്.
Discussion about this post