ഡല്‍ഹി: ഇന്ത്യയുടെ ആണവ പദ്ധതികള്‍ തടസപ്പെടുത്താന്‍ വിദേശത്ത് നിന്ന് ശ്രമം നടക്കുകയാണെന്ന് ആണവോര്‍ജ്ജ കമ്മിഷന് ചെയര്മാന് ശേഖര്‍ ബസു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ആണവ റിയാക്ടറുകള്‍ ചോര്‍ച്ചയുള്ളതും മതിയായ സുരക്ഷ ഇല്ലാത്തതുമാണെന്ന തരത്തില്‍ പ്രചരണം നടക്കുന്നതെന്നും ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടര്‍ കൂടിയായ ബസു പറഞ്ഞു.
ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇന്ത്യയിലെ ആണവ പദ്ധതികളെ കുറിച്ച് വാഷിംഗ്ടണിലെ സെന്റര്‍ ഫോര്‍ പബ്ളിക് ഇന്റഗ്രിറ്റിയില്‍ ജോലി ചെയ്യുന്ന അഡ്രിയാന്‍ ലെവി എന്ന മാദ്ധ്യമ പ്രവര്‍ത്തകനാണ് ഇത്തരം ആരോപണം ഉന്നയിച്ചത്. എന്നാല്‍, ലെവിയുടെ ആരോപങ്ങളെ കാര്യമായി എടുക്കുന്നില്ലെന്ന് ബസു പറഞ്ഞു. ഇന്ത്യയുടെ ആണവോര്‍ജ്ജ പദ്ധതികളെ കുറിച്ചുള്ള ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും ബസു വിശദമാക്കി.
ജഡുഗോദയിലെ യുറേനിയം ഖനിയില്‍ ചോര്‍ച്ചയുണ്ടെന്നും അവിടെ നിന്നുള്ള ആണവ വികിരണങ്ങള്‍ കാരണം ജനങ്ങള്‍ കഷ്ടത്തിലാണെന്നുമാണ് ലെവി പറയുന്നത്. നേരത്തെ ആരോ പറഞ്ഞ കാര്യങ്ങളാണ് ലെവി ആവര്‍ത്തിക്കുന്നത്.
ഇത് സംബന്ധിച്ച് കോടതി സ്വമേധയാ എടുത്ത കേസുണ്ടെന്നും അതിന് ആണവോര്‍ജ്ജ കമ്മിഷന് മറുപടി നല്‍കിയതുമാണെന്ന് ലെവി മനസിലാക്കണം. ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു സമിതിയെ രൂപീകരിക്കുകയും അവര്‍ അവിടം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയതുമാണ്. ആ മേഖലയില്‍ ഇപ്പോള്‍ പുതിയ രോഗങ്ങളൊന്നും തന്നെയില്ല. മാത്രമല്ല രോഗികളുടെ എണ്ണം കൂടിയിട്ടില്ലെന്നും ബസു ചൂണ്ടിക്കാട്ടി.
ആരൊക്കെ ശ്രമിച്ചാലും ഇന്ത്യ ആണവ പദ്ധതി നിറുത്താന്‍ പോവുന്നില്ല. ഇന്ത്യ ദരിദ്രമായി കാണണമെന്ന് ആഗ്രഹിക്കുന്ന ആരോ ആയിരിക്കാം ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post