കോഴിക്കോട്: കീഴ്വഴക്കം തെറ്റിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ മുഖ്യമന്ത്രിയുടെ ലേഖനം. നവകേരള ജനസദസ്സിന്റെ ഭാഗമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനമാണ് പത്രം പ്രസിദ്ധീകരിച്ചത്. നിലവിൽ ലീഗുമായി അടുക്കാനുള്ള ശ്രമത്തിനായി പല നീക്കങ്ങളും നടത്തിവരികയാണ് സിപിഎം. ഇതിനിടെയാണ് പതിവിന് വിപരീതമായി ലീഗ് പത്രം മുഖ്യമന്ത്രിയുടെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നവകേരളത്തിനായി ഒന്നിക്കാം എന്ന തലക്കെട്ടോടെയാണ് ലേഖനം. എഡിറ്റോറിയൽ പേജിലാണ് മുഴുനീള ലേഖനം പ്രത്യക്ഷപ്പെട്ടത്. സാധാരണയായി ലീഗ് പ്രതിപക്ഷത്തുള്ളപ്പോൾ സർക്കാർ അനുകൂല ലേഖനങ്ങൾ ചന്ദ്രികയിൽ പ്രസിദ്ധീകരിക്കാറില്ല. ഈ പതിവാണ് ഇപ്പോൾ പത്രം തെറ്റിച്ചിരിക്കുന്നത്. ഇത് വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം എംഎൽഎ പി ഹമീദിനെ കേരള ബാങ്കിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തതിൽ അമർഷം നിലനിൽക്കുകയാണ്. ഇതിനിടെയാണ് സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് പരോക്ഷമായി പറഞ്ഞ് പത്രം ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് ലീഗിനുള്ളിൽ കൂടുതൽ അമർഷത്തിന് കാരണം ആയിട്ടുണ്ടെന്നാണ് സൂചന. സമസ്തയുടെ മുഖ പത്രമായ സുപ്രഭാതവും മുഖ്യമന്ത്രിയുടെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Discussion about this post