ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. പുല്‍വാമയിലെ ഗുസു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. പുലര്‍ച്ചെ 1.30 ഓടെയാണ് വെടിവയ്പ് അവസാനിച്ചത്.
ഹിസ്ബുള്‍ സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും വിദേശിയുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇയാളില്‍നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. എകെ 47 റൈഫിളുകളും ഇതോടൊപ്പമുണ്ടായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാനി ഭീകരന്റെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ ഇവിടം പൊലീസ് ഒഴിപ്പിച്ചിരുന്നു.
53 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫിന്റെ 183 ബറ്റാലിയന്, പ്രത്യേക സേന വിഭാഗം (എസ്ഒജി) തുടങ്ങിയവര്‍ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഗുസ്സുവിലെ ഒരു വീട്ടില്‍ മൂന്നോളം ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്.
Discussion about this post