കോഴിക്കോട്; കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ മതിലുചാടി എസ്എഫ്ഐ പ്രവർത്തകർ. പോലീസിന് ആശയക്കുഴപ്പം ഉണ്ടാക്കാൻ പല ബാച്ചായി തിരിഞ്ഞായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം.
പരീക്ഷാഭവനുളളിൽ തമ്പടിച്ച പ്രവർത്തകർ മതിൽ ചാടിക്കടന്ന് ഗസ്റ്റ് ഹൗസിന് സമീപം എത്തുകയായിരുന്നു. കരിങ്കൊടിയുമായി പതിനഞ്ചോളം പ്രവർത്തകരാണ് ആദ്യം എത്തിയത്. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഫ്സൽ ഉൾപ്പെടെയുളള പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
ഒരു വിഭാഗം ആൺകുട്ടികളെയും പെൺകുട്ടികളെയും പരീക്ഷാഭവൻ കോമ്പൗണ്ടിനുളളിൽ നിർത്തി ശ്രദ്ധ തിരിച്ച ശേഷമായിരുന്നു നാടകീയമായ പ്രതിഷേധം. ആദ്യഘട്ടത്തിൽ പ്രതിഷേധിച്ച പ്രവർത്തകരെ നീക്കാൻ ശ്രമിക്കുമ്പോഴാണ് റെസ്റ്ററന്റിലും മരച്ചുവട്ടിലുമൊക്കെ തമ്പടിച്ച രണ്ടാമത്തെ ബാച്ചും ഗസ്റ്റ് ഹൗസിന് സമീപത്തേക്ക് പ്രതിഷേധവുമായി എത്തിയത്.
പരിപാടിയിൽ പങ്കെടുക്കാനായി 3.50 ന് പുറത്തേക്ക് ഇറങ്ങുമെന്ന് ആയിരുന്നു ഗവർണർ അറിയിച്ചിരുന്നത്. എന്നാൽ 3.37 ഓടെയായിരുന്നു പല ബാച്ചായി തിരിഞ്ഞുളള എസ്എഫ്ഐയുടെ പ്രതിഷേധം. ഗവർണറുടെ യാത്ര തടയുകയായിരുന്നു ഇവരുടെ ലക്ഷ്യം. പോലീസ് ബാരിക്കേഡുകൾക്ക് മുകളിൽ കയറിയിരുന്നും പ്രവർത്തകർ പ്രതിഷേധിച്ചു.
അതിനിടെ എഐഎസ്എഫ് പ്രവർത്തകരും പ്രതിഷേധവുമായി എത്തിയെങ്കിലും സമീപത്തെ പാലത്തിൽ തടഞ്ഞ് തിരിച്ചയച്ചു.
Discussion about this post