ഡല്‍ഹി: മൊബൈല്‍ ഫോണ്‍ സംസാരം ഇടയ്ക്ക് വച്ച് മുറിയുന്ന സാഹചര്യമുണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം സേവന ദാതാക്കളോട് ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ (ട്രായ്) ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് എല്ലാ സേവന ദാതാക്കള്‍ക്കും ട്രായ് കത്തയച്ചിട്ടുണ്ട്.
വിളി മുറിഞ്ഞതിനു ശേഷം നാലുമണിക്കൂറിനകം എത്ര രൂപ തിരികെ നല്‍കുമെന്നതിന്റെ വിശദാംശങ്ങള്‍ ഉപയോക്താവിന് എസ്.എം.എസായി സേവന ദാതാക്കള്‍ അയയ്ക്കണം. പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് അടുത്ത ബില്ലിനൊപ്പമാവും നഷ്ടപരിഹാര വിവരമുണ്ടാവുക..
ഈ മാസം ഒന്നു മുതല്‍ മുറിയുന്ന ഓരോ ഫോണ്‍വിളികള്‍ക്കും സേവനദാതാക്കള്‍ ഒരു രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ട്രായ് നേരത്തെ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത് പാലിക്കാന്‍ ടെലികോം കന്പനികള്‍ തയ്യാറാവാതെ വന്നതിനെ തുടര്‍ന്നാണ് വീണ്ടും കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം, ട്രായിയുടെ നടപടിക്കെതിരെ ടെലികോം കമ്പനികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ വിധി വരാതെ നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാടിലാണ് ടെലികോം കമ്പനികള്‍.
Discussion about this post