എറണാകുളം : നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഗവൺമെന്റ് പ്ലീഡറായ അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. കീഴടങ്ങാനായി കോടതി അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ് ഒളിവിൽ പോയിരിക്കുന്ന അഭിഭാഷകൻ പിജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
2018ൽ മറ്റൊരു ലൈംഗിക പീഡനക്കേസിൽ ഇരയായ യുവതിയാണ് നിയമസഹായം തേടി ഗവൺമെന്റ് പ്ലീഡർ ആയിരുന്ന പി ജി മനുവിനെ സമീപിച്ചിരുന്നത്. തുടർന്ന് 2023 ഒക്ടോബർ 9ന് കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോൾ പി ജി മനു കടന്ന് പിടിച്ച് മാനഭംഗപ്പെടുത്തിയെന്നും പിന്നീട് വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നുമാണ് യുവതി ഇയാൾക്കെതിരെ പരാതി ഉന്നയിക്കുന്നത്. ഈ കേസിൽ പി ജി മനു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പി ജി മനു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത് നീട്ടിവെച്ച സാഹചര്യത്തിൽ പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് കേരള ഹൈക്കോടതി പി ജി മനുവിന് നിർദ്ദേശം നൽകിയിരുന്നു. ഈ 10 ദിവസത്തെ കാലാവധി അവസാനിച്ചതോടെയാണ് ഒളിവിൽ കഴിയുന്ന പി ജി മനുവിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
Discussion about this post