നാസിക്: പാര്‍ലമെന്റില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുമ്പേള് ഞങ്ങള്‍ സാരിയെ കുറിച്ച് സംസാരിക്കാറുണ്ടെന്ന് എന്‍സിപി എംപി സുപ്രിയ സുലെ. ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പാര്‍ലമെന്റംഗങ്ങളില്‍ അധികവും ഗോസിപ്പുകളിലും മറ്റു കുശലവര്ത്തമാനങ്ങളിലുമായിരിക്കുമെന്നും മുന്‍ കേന്ദ്രമന്ത്രി ശരദ് പവാറിന്റെ മകളായ സുപ്രിയ പറയുന്നു.
മഹാരാഷ്ട്രയിലെ നാസിക്കില്‍ വിദ്യാര്‍ത്ഥിനികളോടും വനിതകളുടേയും യോഗത്തിലാണ് സുപ്രിയയുടെ വെളിപ്പെടുത്തല്‍. പാര്‍ലമെന്റില്‍ പോകുകയാണെങ്കില്‍ ആദ്യത്തെ പ്രസംഗം ഞാന്‍ കേള്‍ക്കും, രണ്ടാമത്തേതും മൂന്നാമത്തേതും കേള്‍ക്കും. നാലാമത്തെ പ്രസംഗം ആദ്യത്തെ മൂന്ന് പേര് പറഞ്ഞതിന്റെ ആവര്‍ത്തനമായിരിക്കും- സുപ്രിയ പറഞ്ഞു.
ക്ലാസ് റൂമിലെ പോലെ മറ്റു എംപിമാരുമായി പരദൂഷണം പറയും. ടിവിയിലോ പാര്‍ലമെന്റിന്റെ ഗാലറിയിലോ ഇരുന്ന് സഭാ പ്രവര്‍ത്തനം കാണുന്ന ജനങ്ങള്‍ക്ക് ഞങ്ങള്‍ ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നെ തോന്നൂ.
ചെന്നൈയില്‍ നിന്നുള്ള എംപിയുമായി ഞാന്‍ സംസാരിക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ കരുതും ചെന്നൈ പ്രളയത്തെ കുറിച്ച് വലിയ ചര്‍ച്ച നടത്തുകയാണെന്ന്. എന്നാല്‍ വാസ്തവത്തില്‍ ഞങ്ങള്‍ സംസാരിക്കുന്നത് ഈ സാരി എവിടെനിന്ന് വാങ്ങിയതാണ്, എന്റെ സാരി എങ്ങനെയുണ്ട് തുടങ്ങിയ കാര്യങ്ങളായിരിക്കും. നിങ്ങളും ഇതുപോലെ പരദൂഷണം പറയാറില്ലേയെന്ന് വിദ്യാര്‍ത്ഥികളോട് എംപി ചോദിച്ചു.
പാര്‍ലമെന്റില്‍ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരുകയാണെങ്കില്‍ സഭയിലെ ചര്‍ച്ച ബ്യൂട്ടി പാര്‍ലറുകള്‍, സാരി തുടങ്ങിയവയെ കുറിച്ചാകുമെന്ന് പുരുഷ എംപിമാര്‍ തന്നോട് പറയാറുണ്ട്. നിങ്ങള്‍ക്ക് ഞങ്ങളുടെ സാരിയെ കുറിച്ച് പറയാം, എന്നാല്‍ നിങ്ങള്‍ രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് അവസരം കൊടുക്കുന്നതില്‍ തെറ്റില്ലെന്നും ഞാന്‍ മറുപടി പറയുംമെന്നും സുപ്രിയ പറഞ്ഞു.
Discussion about this post