ഇടുക്കി : വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ അച്ഛനെതിരെ കേസെടുത്ത് പോലീസ്. കേസിൽ കോടതി വെറുതെ വിട്ട പ്രതിയായ അർജുന്റെ ബന്ധു പാൽരാജ് നൽകിയ പരാതിയെ തുടർന്നാണ് ഇരയുടെ അച്ഛനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ പാൽരാജ് കുട്ടിയുടെ അച്ഛനെ വണ്ടിപ്പെരിയാർ ടൗണിൽ വച്ച് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
വണ്ടിപ്പെരിയാർ പീഡനക്കേസിൽ പ്രതിയായ അർജുനെ കോടതി വെറുതെ വിട്ടതിനെ തുടർന്ന് കുട്ടിയുടെ പിതാവും പ്രതിയുടെ ബന്ധുക്കളും തമ്മിൽ തർക്കം പതിവാണ്. കഴിഞ്ഞദിവസം വണ്ടിപ്പെരിയാർ ടൗണിൽ വെച്ച് ഇരയുടെ അച്ഛൻ അർജുന്റെ ബന്ധുവായ പാൽരാജിനെ കയ്യേറ്റം ചെയ്തെന്ന് കാണിച്ചാണ് പാൽരാജ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയെ തുടർന്നാണ് പോലീസ് ഇരയുടെ അച്ഛനെതിരെ കേസെടുത്തിരിക്കുന്നത്.
ജനുവരി ആറിനായിരുന്നു ഇരയുടെ അച്ഛനെ അർജുന്റെ ബന്ധുവായ പാൽരാജ് കുത്തി പരിക്കേൽപ്പിച്ചിരുന്നത്. ഇരയുടെ മുത്തച്ഛനും ഈ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആക്രമണത്തെ തുടർന്ന് ഇരയുടെ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. പ്രതിയുടെ കുടുംബവും ഹൈക്കോടതി വഴി പോലീസ് സംരക്ഷണം നേടിയിട്ടുണ്ട്.
Leave a Comment