ബെംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജാമ്യം ലഭിച്ചതിന് 35 കാരന് തിരുപ്പതി ക്ഷേത്രത്തില്‍ ഇടതുകൈയിലെ ചെറുവിരല്‍ വഴിപാടായി സമര്‍പ്പിച്ചു.
ബെംഗളൂരുവിലെ രാമനഗരം സ്വദേശിയായ ഗ്രാനൈറ്റ് വ്യവസായി സുരേഷാണ് തന്റെ കൈവിരല്‍ നേര്‍ച്ചയായി നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ഡിസംബര്‍ 25 നാണ് സുരേഷ് തിരുപ്പതി ക്ഷേത്രത്തില്‍ എത്തി തന്റെ ചെറുവിരല്‍ മുറിച്ച് നേര്‍ച്ച അര്‍പ്പിച്ചത്. വിരല്‍ മുറിച്ചപ്പോള്‍ വേദനയൊന്നും തോന്നിയില്ല. ജോലി ചെയ്യുന്നതിനിടെ കാറിന്റെ എസി കംപ്രസറിനിടയില് വിരല്‍ കുടുങ്ങി മുറിഞ്ഞ് പോയെന്നാണ് ഡോക്ടറോട് പറഞ്ഞതെന്നും ഇയാള്‍ പറയുന്നു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ഏറെ ഭയപ്പെട്ടുവെന്നും, താന്‍ ഏറെ സ്നേഹിക്കുന്ന തന്റെ നേതാക്കള്‍ ജയിലില്‍ പോകുന്നത് തനിക്ക് ഇഷ്ടമല്ലെന്നും സുരേഷ് പറയുന്നു. ഈ സമയത്താണ് നേതാക്കള്‍ക്ക് ജാമ്യം ലഭിക്കുകയാണെങ്കില്‍ തന്റെ കൈവിരല്‍ മുറിച്ചു നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നതെന്നും സുരേഷ് പറയുന്നു.
വിരല്‍ മുറിച്ച കഥ അറിഞ്ഞ കര്‍ണാടകയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എംഎച്ച് അംബരീഷ് സുരേഷിനെ വിളിപ്പിക്കുകയും സംസാരിക്കുകയും ചെയ്തു. കലിയുഗത്തിലെ ഏകലവ്യന് എന്നാണ് അംബരീഷ് സുരേഷിനെ വിശേഷിപ്പിച്ചത്. പക്ഷെ, ഇത്തരത്തില്‍ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്ന് സുരേഷിനെ ഉപദേശിക്കുകയും ചെയ്തു.
വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ തിരുപ്പതിയില്‍ എത്തി കൈവിരല്‍ മുറിച്ച ശേഷം ആയിരം രൂപയുടെ നോട്ടില്‍ പൊതിഞ്ഞ് ഇയാള്‍ കാണിക്കവഞ്ചിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സുരേഷിനെ അംബരീഷ് ജെപി നഗറിലുള്ള വീട്ടിലേക്ക് വിളിപ്പിച്ചപ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ ഇക്കാര്യം അറിയുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലാണ്് സുരേഷിനെക്കുറിച്ചുള്ള വാര്‍ത്ത വന്നത്.
Discussion about this post