ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പിവി നരസിംഹറാവുവിന് നരസിംഹറാവുവിനെ രാജ്യത്തിന്റെ ഏറ്റവും വലിയ പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകി ആദരിക്കുന്നതിൽ അതീവ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ മോദി. വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായ നരസിംഹറാവു വിവിധ പദവികളിൽ ഇരുന്നുകൊണ്ട് ഇന്ത്യയെ സേവിച്ചു. രാജ്യത്തിന് വേണ്ടി അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകൾക്കുള്ള ബഹുമതിയാണ് ഇതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘നമ്മുടെ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു ഗാരുവിന് ഭാരത രത്ന നൽകി ആദരിക്കുന്നു എന്ന വിവരം പങ്കുവയ്ക്കുന്നതിൽ എനിക്ക് അതിയായി സന്തോഷം തോന്നുന്നു. വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായ നരസിംഹ റാവു ഗാരു വിവിധ പദവികളിൽ ഇരുന്നുകൊണ്ട് ഇന്ത്യക്ക് സമഗ്രസേവനം നൽകി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാർലമെന്റ്- നിയമസഭാംഗം എന്നീ നിലകളിൽ വർഷങ്ങളോളം അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഇന്നും ഓർമിക്കപ്പെടുന്നതാണ്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃപാടവം ഇന്ത്യയെ സാമ്പത്തികമായി ഉയർത്തുന്നതിനും രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളർച്ചയ്ക്കും ശക്തമായ അടിത്തറ പാകുന്നതിനും നിർണായക പങ്കുവഹിച്ചു’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
‘നരസിംഹ റാവു ഗാരുവിന്റെ പ്രധാനമന്ത്രിപദം ഇന്ത്യയെ ആഗോള വിപണിയിലേക്ക് എത്തിക്കുന്നതും സാമ്പത്തിക വികസനത്തിന്റെ ഒരു പുതിയ യുഗം വളർത്തിയെടുക്കുന്നതുമായിരുന്നു. കൂടാതെ, ഇന്ത്യയുടെ വിദേശനയം, ഭാഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ അദ്ദേഹത്തിന്റെ ബഹുമുഖ പാരമ്പര്യത്തിന് അടിവരയിടുന്നതാണ്. നിർണായകമായ പരിവർത്തനങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെ നയിക്കുക മാത്രമല്ല അതിന്റെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകത്തെ സമ്പന്നമാക്കുകയും ചെയ്തു’ -അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post