ലക്നൗ: കൽക്കി ധാമിന്റെ ശിലാസ്ഥാപനത്തിനു മുന്നോടിയായി തയ്യാറെടുപ്പുകളുടെ പുരോഗതികൾ നേരിട്ടെത്തി വിലയിരുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ഇതിന് ശേഷം അദ്ദേഹം പരിപാടികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനായി യോഗം ചേർന്നു.
വേദിയും ഹെലിപാഡും ഉൾപ്പെടെയുള്ള സജീകരണങ്ങളെല്ലാം യോഗി വിലയിരുത്തി. ചടങ്ങിനായുള്ള പ്രവർത്തനങ്ങളുടെ ദ്രുതഗതിയിലുള്ള പുരോഗതിയെ കുറിച്ച് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. വേദിയുടെയും പരിസരത്തെയും കുഴികളെല്ലാം മണ്ണിട്ട് പ്രദേശം നിരപ്പാക്കി. ആറ് ഹെലിപാഡുകളുടെ നിർമ്മാണം നടന്നുവരുന്നു. മൂന്ന് ഹെലിപാഡുകൾ പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേകം നിയുക്തമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ യോഗിയെ അറിയിച്ചു.
അതിഥികളുടെ സന്ദശനത്തെക്കുറിച്ചും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. ചടങ്ങിനെത്തുന്ന എല്ലാ അതിഥികൾക്കും പ്രത്യേകിച്ച് സന്യാസികൾക്ക് ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അഞ്ചോറ കംബോയിലേക്കുള്ള എല്ലാ റൂട്ടുകളിലും ജില്ലാ പഞ്ചായത്ത് രാജ് വകുപ്പ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ഇവിടെയെല്ലാം ആകർഷകമായ രീതിയിൽ അലങ്കരിക്കണം. ശുചിമുറികൾ, വാട്ടർ ടാങ്കർ എന്നീ സംവിധാനങ്ങളും ഏർപ്പെടുത്തണം. പൊതുമരാമത്ത് വകുപ്പ് ഒരുക്കുന്ന ഹെലിപാഡും കൃത്യസമയത്ത് പൂർത്തിയാക്കണം. പരിപാടിയിലുടനീളം ആരോഗ്യവകുപ്പ് ജാഗ്രത പാലിക്കുകയും ആംബുലൻസുകൾക്ക് മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണമെന്നും അദ്ദേഹം നിർദേശം നൽകി.
Discussion about this post