കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. വീട്ടിൽ അതക്രമിച്ച് കയറിയതിന് 10 വർഷം തടവും വിധിച്ചു. കേസിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
ശ്യാംജിത്ത് മൂൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന് മുൻപ് പ്രതി അടുത്തുള്ള കടയിൽ നിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദ്യശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. വീഡിയോ കോളിൽ ഉണ്ടായിരുന്ന പൊന്നാനി സ്വദേശി കേസിൽ പ്രധാന സാക്ഷിയായി.
2022 ഒക്ടോബർ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടന്നത്. തനിച്ചായിരുന്ന വിഷ്ണുപ്രിയയെ വീട്ടിൽ അതിക്രമിച്ച് കടന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതിന് പിന്നാലെ ശ്യാംജിത്ത് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സംഭവ സമയം വിഷ്ണുപ്രിയ ആൺ സുഹൃത്തിനെ വീഡിയോ കോളിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. ആൺസുഹൃത്തിന്റെ മൊഴിയാണ് ശ്യാംജിത്തിനെ വേഗത്തിൽ പിടികൂടാൻ പോലീസിന് തുണയായത്. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.













Discussion about this post