ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച അപകടത്തില്‍ പെട്ട ഹെലികോപ്റ്റർ കണ്ടെത്താൻ ശ്രമം തുടരുന്നതായി റിപ്പോർട്ട്. ഇറാന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ കിഴക്കൻ അസർബൈജാനിലെ ജോൽഫ നഗരത്തിൽ എത്തിയ രക്ഷാസംഘം ഇവിടെ തിരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ (375 മൈൽ) വടക്ക് പടിഞ്ഞാറ് അസർബൈജാൻ രാഷ്ട്രത്തിൻ്റെ അതിർത്തിയിലുള്ള ജോൽഫ എന്ന നഗരത്തിന് സമീപമാണ് അപകടം നടന്നത്. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്താൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം അവരുടെ ശ്രമങ്ങൾ തടസ്സപ്പെടുകയായിരുന്നു.
ഇബ്രാഹിം റെയ്സി, ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദോല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ മാലെക് റഹ്മതി, മറ്റ് മുതിർന്ന നേതാക്കളും വിമാനത്തിലുണ്ടായിരുന്നു.
Discussion about this post