എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തി കുടുംബത്തിന്റെ ഒരു കോടിയോളം വില വരുന്ന ഭൂമി സ്വകാര്യ കമ്പനിക്ക് വേണ്ടി എഴുതി വാങ്ങി സിപിഎം. മൂവാറ്റുപുഴയിലെ ഇടത് നേതാക്കളാണ് കുടുംബത്തെ ഭീഷണിപ്പെടുത്തി ഭൂമി എഴുതി വാങ്ങിയത്. ഏരിയാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കുടുംബാംഗങ്ങളെ സിപിഎം ഓഫീസിൽ വിളിച്ചുവരുത്തിയാണ് ഭൂമി എഴുതി വാങ്ങിയത്.
തൃക്കാരിയൂർ മനയ്ക്കപ്പടി വിനായകം വീട്ടിൽ രാജശ്രീയും കുടുംബവുമാണ് സിപിഎമ്മുകാരുടെ ഭീഷണിക്ക് ഇരയായത്. ആയുർവേദ ചികിത്സാ ഉപകരണങ്ങൾ നിർമ്മിച്ച് നൽകുന്ന കമ്പനിയിൽ ജീവനക്കാരിയായിരുന്നു രാജശ്രീ. ഇവിടെ നിന്നും ഇവർ ഒന്നര കോടി രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് സിപിഎം ഓഫീസിലേക്ക് രാജശ്രീയെയും കുടുംബത്തെയും വിളിപ്പിച്ചത്. കേസ് എടുത്താൽ ജയിലിൽ പോകുമെന്ന് ഭീഷണിപ്പെടുത്തി രാജശ്രീയുടെ സഹോദരന്റെ ഭൂമിയും വീടും എഴുതി വാങ്ങുകയായിരുന്നു. അഞ്ച് ദിവസം മുൻപ് വിവാഹം കഴിഞ്ഞ രാജശ്രീയുടെ മകളുടെ ഭർത്താവിന്റെ പേരിലുള്ള ഭൂമിയും എഴുതി വാങ്ങിയതായി കുടുംബം പറയുന്നു.
സംഭവത്തെ തുടർന്ന് കുടുംബം മൂവാറ്റുപുഴ പോലീസിൽ പരാതി നൽകി. സംഭവം ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോൾ ഇവരെ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. ഭൂമി എഴുതി വാങ്ങിയതിന് പിന്നാലെ കമ്പനി ഉടമകൾ ഇവർക്കെതിരെ പോലീസിൽ പരാതി നൽകി. തുടർന്ന് രാജശ്രീയും മകളുമുൾപ്പെടെ അറസ്റ്റിലാകുകയും ചെയ്തു. യുകെയിൽ എൽഎൽബി വിദയാർത്ഥിയായ ഇളയ മകളെയും കേസിൽ ഉൾപ്പെടുത്തി. ഇതോടെ മകളുടെ പഠനം ഉപേക്ഷിക്കേണ്ടി വന്നതായി പരാതിയിൽ പറയുന്നു. ജയിൽ മോചിതരായതിന് ശേഷവും പാർട്ടിക്കാരും കമ്പനി ഉടമകളും ഭീഷണി തുടർന്നതോടെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.
കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎം മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി കെപി രാമചന്ദ്രനുൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. രാമചന്ദ്രൻ കൂടാതെ, കിഷോർ, ബിജു, അനിൽ കുമാർ, കൃഷ്ണ പ്രസാദ്, തോമസ് എന്നിവർക്കെതിരെയാണ് കേസ്. കേസിൽ നാലാം പ്രതിയാണ് ഏരിയാ സെക്രട്ടറി രാമചന്ദ്രൻ.
Discussion about this post