കോലാപ്പൂര്‍ : മഹാരാഷ്ട്രയിലെ മുതിര്‍ന്ന സിപിഐ നേതാവ് ഗോവിന്ദ് പി പന്സാരയ്ക്കും ഭാര്യയ്ക്കും വെടിയേറ്റു. പ്രഭാത സവാരി കഴിഞ്ഞ് വരുമ്പോള്‍ മഹാരാഷ്ട്രയിലെ കോലാപൂരിലെ വസതിക്ക് മുമ്പില്‍ വച്ചാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേരാണ് വെടിയുതിര്‍ത്തത്.
പന്സാരെക്ക് കഴുത്തിലും കൈയിലുമാണ് വെടിയേറ്റത്.പന്‍സാരെയുടെ നില ഗുരുതരമാണെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 82 വയസുകാരനായ പന്‍സാരെ എഴുത്തുകാരനും അഭിഭാഷകനുമാണ്. ഭാര്യ സാവു ഉമ പന്‍സാരെയ്ക്കു നേരെ ഒരു തവണയാണ് അക്രമികള്‍ നിറയൊഴിച്ചതെന്ന് കോലാപൂര്‍ പോലീസ് സൂപ്രണ്ട് ഓം പ്രകാശ് ശര്‍മ അറിയിച്ചു. പ്രതികളെ തിരിച്ചറിയാനായിട്ടില്ല.
സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടു. ആക്രമണത്തെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി റാം ഷിന്‍ഡെ അപലപിച്ചു. അക്രമികളെ പിടികൂടൂന്നതിനായി നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. സിപിഐയുടെ മുതിര്‍ന്ന നേതാവായ പന്‍സാരെ മഹാരാഷ്ട്ര കോലാപൂരില്‍ ടോള്‍വിരുദ്ധസമരം നയിക്കുന്ന ആളാണ്.
Discussion about this post